ഒരു പച്ചക്കറിയായി കണക്കാക്കപ്പെടുന്ന ചോളം ഭക്ഷണത്തിൽ ചേർക്കുന്നത് ഭക്ഷണത്തെ രുചികരമാക്കും. ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് ചോളം. വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ ചോളം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പുല്ല് കുടുംബത്തിന്റെ കീഴിൽ വരുന്ന ഒരു ചെടിയുടെ വിത്താണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. പതിനായിരം വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലും മധ്യ അമേരിക്കയിലും ആണ് ചോളം ആദ്യമായി കൃഷി ചെയ്തത്. ഫോളേറ്റിന്റെ ഉറവിടമാണ് ചോളം. ഇത് ഗര്‍ഭിണികൾക്ക് ഏറെ നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കുന്നു.
മഞ്ഞ നിറത്തിന് പുറമെ ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, നീല, വെള്ള, കറുപ്പ് നിറങ്ങളിലും ഉള്ള ചോളം കൃഷി ചെയ്യപ്പെടുന്നുണ്ട്. പോപ്പ്കോൺ അല്ലെങ്കിൽ സ്വീറ്റ് കോൺ ഒരു ജനപ്രിയ ഭക്ഷണ തരമാണ്. ഇത് ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്നു. റിഫൈൻഡ് കോൺ ഉൽപ്പന്നങ്ങളും ചോളം ചേർത്ത സംസ്കരിച്ച ഭക്ഷണവും കൂടാതെ ടോർട്ടിലസ്, ടോർട്ടില്ല ചിപ്സുകൾ, പോളന്റ, കോൺമീൽ, കോൺഫ്ലവർ, കോൺ സിറപ്പ്, ചോള എണ്ണ എന്നിങ്ങനെ ചോളം ചേർത്ത മറ്റ് ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.
Also Read: ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ഗുണം
നാരുകൾ ധാരാളമടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഭക്ഷണമാണ് ചോളം. ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ നിരോക്സീകാരികൾ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സീകരണ സമ്മർദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം, പ്രായമാകുമ്പോൾ ഉണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നിരോക്സീകാരികൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ഇത് പല ഗുരുതര രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. ചോളത്തിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അത് വേഗതയിൽ ദഹിക്കുന്നതാണ്. ഇത് കൂടുതൽ സമയത്തേക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം നൽകുന്നു.
ചോളത്തിലടങ്ങിയ നിരോക്സീകാരികൾ പ്രത്യേകിച്ച് വൈറ്റമിൻ സി, ചർമത്തിനു ക്ഷതമേൽപ്പിക്കുന്ന, പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളോട് പൊരുതി ആരോഗ്യമുള്ള ചർമമേകുന്നു. ചോളത്തിലടങ്ങിയ ബീറ്റാ കരോട്ടിൻ വൈറ്റമിൻ എ ആയി മാറുകയും ചർമത്തിലെ തകരാറുകൾ പരിഹരിച്ച് ആരോഗ്യകരമായ ചർമം നൽകുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ ഇവ ചോളത്തിൽ ധാരാളമായുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇതുവഴി തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.