രൺബീർ കപൂറിന്റെ ‘അനിമൽ’ എന്ന ചിത്രത്തിലൂടെ ബി ടൗണിൽ മികച്ച തിരിച്ചു വരവ് നടത്തിയ നടനാണ് ബോബി ഡിയോൾ. ഇന്ന് വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ കഴിഞ്ഞു പോയ ഇരുണ്ട കാലഘട്ടത്തെയും അമിതമായ മദ്യപാന ആസക്തിയെയും കുറിച്ച് മനസു തുറന്നിരിക്കുകയാണ് ബോബി ഡിയോൾ. ഹ്യൂമൻസ് ഓഫ് ബോംബെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ കാലഘട്ടത്തിൽ സംഭവിച്ച തെറ്റുകളിൽ പശ്ചാത്തപിച്ച ബോബി ഡിയോൾ ആ തെറ്റുകളിൽ നിന്ന് പഠിച്ചാണ് ഇന്നുള്ള വിജയവഴിയിലെത്തിയത് എന്നും വെളിപ്പെടുത്തി.
‘ആളുകൾ സ്വയം മുങ്ങി മരിക്കുന്നതുപോലെയാണ് മദ്യപാനം. അതിൽ നിന്ന് ആർക്കും ആരെയും കര കയറ്റാൻ സാധ്യമല്ല. അതിന് അവനവൻ തന്നെ വിചാരിക്കണം. ആരെങ്കിലും ഉപദേശിച്ചത് കൊണ്ട് ഒരിക്കലും ആ ശീലം മറികടക്കാനാവില്ല. സ്വയം മനസിനെ നിയന്ത്രിക്കാനും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആർക്കും ഇത് നീന്തി കടക്കാൻ സാധിക്കും.’ ബോബി ഡിയോൾ പറയുകയുണ്ടായി.
‘കുടുംബത്തിന്റെ കണ്ണിലെ ആശങ്കയാണ് തന്നെ മദ്യപാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ആശ്വാസ വാക്കുകൾ നൽകി നമുക്കൊപ്പം നിൽക്കാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളൂ. വളർന്നു വരുന്ന കുട്ടികൾക്ക് മുന്നിൽ ഒരിക്കലും ഒരു നെഗറ്റീവ് ഷെയ്ഡ് ഉണ്ടാകരുത് എന്ന തിരിച്ചറിവാണ് തന്നെ മദ്യപാനത്തിനെതിരെ പോരാടാൻ പ്രാപ്തനാക്കിയത്.’ ബോബി ഡിയോൾ മനസ് തുറന്നതിങ്ങനെ.
അനിമലിനു ശേഷം ബോബി ഡിയോളിന്റെ ആരാധകളും സിനിമാ പ്രേമികളും കാത്തിരിക്കുന്ന റിലീസാണ് സൂര്യ നായകനാകുന്ന കങ്കുവ. ബോബിയുടെ തമിഴ് ഇൻഡസ്‌ട്രിയിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.