ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തലസ്ഥാനം സജ്ജം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തലസ്ഥാനം സജ്ജം
ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തലസ്ഥാനം സജ്ജം

തിരുവനന്തപുരം: 2024 ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലാ ഭരണകൂടം സുസജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കലക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ തലത്തില്‍ നടത്തിയിട്ടുള്ളത്.

രണ്ട് ലോക് സഭാ മണ്ഡലങ്ങളുടെ കീഴില്‍ 14 നിയമസഭാ മണ്ഡലങ്ങളിലായി 14 ഉപ വരണാധികാരികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ടാബുലേഷന്‍, ഐ.ടി. ആപ്ലിക്കേഷന്‍സ്, സെക്യൂരിറ്റി ക്രമീകരണങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്താന്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയസ് കോംപൌണ്ടിലെ 11 ലൊക്കേഷനുകളിലായി 16 സെന്ററുകളിലാണ് ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്ററി മണ്ഡലങ്ങളുടെ ഇ.വി.എം, പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ത്രിതല പൊലീസ് ബന്തവസ് സംവിധാനമുള്ള ഈ കേന്ദ്രങ്ങളെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാണ്.

വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകി. ഇ.വി.എം, പോസ്റ്റൽ ബാലറ്റ്, ഇ.ടി.പി.ബി.എസ്, പാരലൽ കൗണ്ടിങ് എന്നീ ടേബിളുകളിൽ 20 സതമാനം റിസർവ് ഉൾപ്പെടെ ആകെ 1200 കൌണ്ടിംഗ് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടാവുക.

അതേസമയം തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം ഒഴികെ മറ്റെല്ലാ എൽ.എ സെഗ്മെന്റുകൾക്കും 14 കൌണ്ടിംഗ് ടേബിളുകളും നേമം, കഴക്കൂട്ടം എൽഎസികൾക്ക് 12 ടേബിളുകൾ വീതവും ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ എൽഎസികൾക്കും 14 കൗണ്ടിങ് ടേബിളുകൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് ആറ്റിങ്ങൽ മണ്ഡലത്തിലത്തിനായി 38 ഉം തിരുവനന്തപുരത്തിന് 34 ഉം ടേബിളുകകൾ ക്രമീകരിച്ചിട്ടുണ്ട്. സർവ്വീസ് വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിന് ഇരു ലോക്‌സഭാ മണ്ഡലങ്ങൾക്കും 10 വീതം ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. കൗണ്ടിങ് നടപടിക്രമങ്ങൾ വീക്ഷിക്കാൻ കൗണ്ടിങ് ഏജന്റുമാർക്ക് എല്ലാ കേന്ദ്രങ്ങളിലും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

വി.വി.പാറ്റ് സ്ലിപുകൾ എണ്ണുന്നതിന് ഓരോ എൽ.എ സെഗ്മെന്റിനും ഒന്ന് എന്ന രീതിയിൽ 14 വിവിപാറ്റ് കൗണ്ടിങ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് വീക്ഷിക്കുന്നതിന് ഏജൻ മാർക്ക് സൌകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ വിവരങ്ങൾ അടങ്ങിയ നോട്ടീസ് എല്ലാ സ്ഥാനാർഥികൾക്കും നൽകിയിട്ടുണ്ട്. ഇ.വി.എം കൗണ്ടിങ് ടേബിൾ, റിട്ടേണിങ് ഓഫീസർ ടേബിൾ, പോസ്റ്റൽ ബാലറ്റ് ടേബിൾ എന്നിവിടങ്ങളിൽ സ്ഥാനാർഥികൾ കൗണ്ടിങ് ഏജന്റമാരെ നിയമിച്ചിട്ടുമുണ്ട്.

കൗണ്ടിങ് ഏജന്റുമാർക്കുള്ള ഐ.ഡി കാർഡ്, പാസ് എന്നിവ റിട്ടേണിങ് ഓഫീസർമാർ വഴി വിതരണം ചെയ്തു കഴിഞ്ഞു.തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർക്കും, പാസ് ഉള്ള വാഹനങ്ങൾക്കും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം ഉണ്ടാകൂ. മാർ ഇവാനിയോസ് കോളജ് ഗ്രൌണ്ട്, സർവോദയ ഐ.സി.ഐ.സി.ഐ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളി ലാണ് വാഹന പാർക്കിങ്.

വോട്ടെണ്ണൽ ഹാളിനുള്ളിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നിരോധിച്ചു. ഓരോ കൗണ്ടിങ് സെന്ററിനു പുറത്തും ക്ലോക്ക് റൂമുകൾ ഉണ്ടാകും.പ്രവേശന കവാടം മുതൽ പ്രത്യേക ചൂണ്ടുപലകകൾ, കൗണ്ടിങ് സംബന്ധമായ സംശയങ്ങൾക്കായി ഹെൽപ് ഡെസ്‌ക് എന്നിവയും ഉണ്ടാകും.

വോട്ടെണ്ണൽ ഫലം വേഗത്തിൽ ഇലക്ഷൻ കമീഷന്റെ വെബ്‌സൈറ്റിൽ നൽകാൻ ഐ.ടി ഉപകരണങ്ങൾ അടക്കമുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് വോട്ടെണ്ണൽ ജീവനക്കാർക്ക് മെഡിക്കൽ സംവിധാനവുമുണ്ട്. കുടുംബശ്രീ വഴി കുടിവെള്ളം, ഭക്ഷണം എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Top