തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം. കനത്ത സുരക്ഷാ വലയത്തിലാണ് സ്‌ട്രോങ്ങ് റൂമുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകള്‍ക്കകം തന്നെ ലീഡ് നിലയും ട്രെന്‍ഡും അറിയാനാകും.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. രാവിലെ ആറുമണിയോട് കൂടി സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എട്ടരക്ക് എണ്ണിത്തുടങ്ങും.
മണിക്കൂറുകള്‍ക്കകം തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ലീഡ് നിലയും ട്രെന്‍ഡും അറിയാനാകും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വിവിപാറ്റുകള്‍ കൂടി എണ്ണിത്തീര്‍ന്നതിനു ശേഷമായിരിക്കും അന്തിമഫല പ്രഖ്യാപനം നടത്തുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനിലെ വിവി പാറ്റുകളാണ് എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പല ഘട്ടങ്ങളിലായി പരിശീലനവും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു.