CMDRF

തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ രാജ്യം; 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ

തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ രാജ്യം; 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ
തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ രാജ്യം; 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ

ഡല്‍ഹി: ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ രാജ്യം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി എഴുതും. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി എഴുതുക.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡി എം കെയുടെ പ്രതീക്ഷ. അതേസമയം വന്‍ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബി ജെ പിയും അണ്ണാ ഡി എം കെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നു.

തമിഴ് നാട്ടില്‍ പ്രത്യേക കൊട്ടിക്കലാശമില്ലെങ്കിലും ബൈക്ക് റാലികളും റോഡ്‌ഷോകളുമായി മുന്നണികള്‍ കളം നിറഞ്ഞു. തമിഴ്‌നാട്ടിലെ ദിനപത്രങ്ങളില്‍ ഭരണനേട്ടങ്ങള്‍ വിവരിച്ചുള്ള ഒന്നാം പേജ് പരസ്യം ബി ജെ പി, ഡി എം കെ പാര്‍ട്ടികള്‍ നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി സ്റ്റാലിന്റെ വീഡിയോ അഭ്യര്‍ത്ഥനയും പുറത്തുവന്നിരുന്നു. കോയമ്പത്തൂരില്‍ കെ അണ്ണാമലൈ റോഡ് ഷോ നടത്തി. ഉദയനിധി സ്റ്റാലിനും കോയമ്പത്തൂരില്‍ എത്തി പ്രചാരണം നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.

രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിന്റെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മോദി റാലികള്‍ എത്തിയത്. രാഹുല്‍ഗാന്ധിയും കര്‍ണാടകയിലും പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശിലും പ്രചാരണം നടത്തി.

Top