റെയിൽപാലത്തിന് മുകളിൽ ദമ്പതിമാരുടെ ഫോട്ടോഷൂട്ട്; ട്രെയിൻ വന്നപ്പോൾ 90 അടി താഴ്ചയിലേക്ക് ചാടി നവദമ്പതിമാർ | വീഡിയോ

റെയിൽപാലത്തിന് മുകളിൽ ദമ്പതിമാരുടെ ഫോട്ടോഷൂട്ട്; ട്രെയിൻ വന്നപ്പോൾ 90 അടി താഴ്ചയിലേക്ക് ചാടി നവദമ്പതിമാർ | വീഡിയോ
റെയിൽപാലത്തിന് മുകളിൽ ദമ്പതിമാരുടെ ഫോട്ടോഷൂട്ട്; ട്രെയിൻ വന്നപ്പോൾ 90 അടി താഴ്ചയിലേക്ക് ചാടി നവദമ്പതിമാർ | വീഡിയോ

ജയ്പുർ: റെയിൽപാളത്തിൽ നിന്നുള്ള ഫോട്ടോ ഷൂട്ടിനിടെ പാലത്തിനു മുകളിൽ, അപ്രതീക്ഷിതമായി ട്രെയിൻ വന്നു. ഉടനെ മറ്റൊന്നും ആലോചിച്ചില്ല, നവദമ്പതിമാർ താഴേയ്ക്ക് എടുത്തുചാടി! രാജസ്ഥാനിലെ പാലിയിലാണ് സംഭവം നടന്നത് . ട്രെയിൻ വന്നപ്പോൾ രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലാതെയാണ് ഇരുവരും പാലത്തിൽനിന്ന് 90 അടി താഴ്ചയിലേക്ക് എടുത്തു ചാടിയത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

രാഹുൽ മേവാദ (22), ഭാര്യ ജാൻവി (20) ബാഗ്‌രി നഗർ സ്വദേശികളാണ് പാലത്തിൽനിന്ന് ചാടിയത്. ഗോറാം ഘട്ടിലേക്ക് ബൈക്കിൽ പോകവെയാണ് ഇരുവരും ഫോട്ടോഷൂട്ടിനായി ഗോറാം ഘട്ട് ഹെറിറ്റേജ് ബ്രിഡ്ജിലെത്തിയത്. മീറ്റർ ഗേജ് റെയിൽപാതയായതിനാൽ പാലത്തിന് വീതി കുറവാണ്.

പാലത്തിന് മുകളിൽ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കവെയാണ് ട്രെയിൻ വന്നത്. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച ഇരുവരും ട്രെയിൻ തൊട്ടടുത്ത് എത്തിയപ്പോഴേക്കും ഉടനെ താഴോട്ട് എടുത്തുചാടുകയായിരുന്നു. പാലത്തിന് മുകളിൽ ദമ്പതിമാരെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിരുന്നു. ഇതിന്റെയെല്ലാം ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം കാൽ ഒടിഞ്ഞ ജാൻവി ബാംഗറിലെ ആശുപത്രിയിലാണ്. രാഹുലിനും ജാൻവിയ്ക്കുമൊപ്പം രാഹുലിന്റെ സഹോദരിയും ഭർത്താവും ഉണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട ഇവർ പെട്ടെന്ന് പാലത്തിൽ നിന്ന് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.

Top