CMDRF

മദ്യനയക്കേസില്‍ ഇഡി കുറ്റപ്പത്ര വിചാരണ അംഗീകരിച്ച് കോടതി

മദ്യനയക്കേസില്‍ ഇഡി കുറ്റപ്പത്ര വിചാരണ അംഗീകരിച്ച് കോടതി
മദ്യനയക്കേസില്‍ ഇഡി കുറ്റപ്പത്ര വിചാരണ അംഗീകരിച്ച് കോടതി

ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി. ജൂലൈ 12ന് അരവിന്ദ് കെജരിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കണം. കേസില്‍ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജൂലൈ 12 വരെയാണ് കസ്റ്റഡി കാലാവധി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കേസില്‍ ജൂലൈ 3 ന് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി കേസില്‍ ജാമ്യത്തിനായി മറ്റൊരു കേസ് വിചാരണക്കോടതിയില്‍ നിലവിലുണ്ട്. ഇഡി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് റോസ്റ്റര്‍ ബെഞ്ച് വീണ്ടും കേള്‍ക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. മറുപടി നല്‍കാന്‍ സിബിഐക്ക് കോടതി ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഈ കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 17നാണ്. അരവിന്ദ് കെജരിവാളിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ബുധനാഴ്ചയാണ് കെജ്രിവാള്‍ സിബിഐ കേസില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമല്ലെന്ന് ഡല്‍ഹി കോടതിയുടെ പ്രത്യേക ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സിബിഐ അമിതാവേശം കാണിക്കരുതെന്നും കോടതി പറഞ്ഞു. റൂസ് അവന്യൂ കോടതികളിലെ അവധിക്കാല ജഡ്ജി അമിതാഭ് റാവത്ത് സിബിഐയുടെ അറസ്റ്റ് ശരിവെക്കുകയും അന്വേഷണം അന്വേഷണ ഏജന്‍സിയുടെ പ്രത്യേകാവകാശമാണെന്നും ചൂണ്ടിക്കാട്ടി.

Top