14 മുൻ മന്ത്രിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ബംഗ്ലാദേശ്

14 മുൻ മന്ത്രിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ബംഗ്ലാദേശ്
14 മുൻ മന്ത്രിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 14 മുൻ അവാമി ലീഗ് മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ധാക്ക കോടതി യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ സാമൂഹികക്ഷേമ മന്ത്രി ദിപു മോനി, മുൻ ആരോഗ്യമന്ത്രി സാഹിദ് മാലിക്ക്, മുൻ വിദ്യാഭ്യാസ മന്ത്രി മൊഹിബുൽ ഹസൻ ചൗധരി, മുൻ ഭക്ഷ്യമന്ത്രി സധൻ ചന്ദ്ര മജുംദാർ, മുൻ വ്യവസായ മന്ത്രി നൂറുൽ മജീദ് മഹ്മൂദ് ഹുമയൂൺ, മുൻ വ്യവസായ സഹ മന്ത്രി കമാൽ അഹമ്മദ് മജുംദാർ എന്നിവർക്കെതിരെയാണ് യാത്രാവിലക്ക് പുറപ്പെടുവിച്ചതെന്ന് ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.

ഇവരെ കൂടാതെ മുൻ പാർലമെന്റംഗങ്ങളായ സലിമുദ്ദീൻ, മാമുനൂർ റാഷിദ് കിരോൺ, കുജേന്ദ്ര ലാൽ ത്രിപുര, കാജിമുദ്ദീൻ, നൂർ-ഇ-ആലം ചൗധരി ലിറ്റൺ, ഷാജഹാൻ ഖാൻ, കമറുൽ ഇസ്‍ലാം, സിയാവുർ റഹ്മാൻ എന്നിവർക്കും രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മീഷൻ (എ.സി.സി) ഡെപ്യൂട്ടി ഡയറക്ടർ അബു ഹെന അഷിഖുർ റഹ്‌മാൻ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് വിലക്ക്.

Also Read: ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച: രണ്ട് മരണം

ധാക്കയിലെ മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് ആഷ്-ഷംസ് ജോഗ്‍ലുൽ ഹുസൈനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും രാജ്യം വിടാൻ ശ്രമിക്കുകയാണെന്ന് എ.സി.സി അപേക്ഷയിൽ പറഞ്ഞു. ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ പൊലീസുകാർ ഉൾ​പ്പെടെ 500ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.

Top