പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം. മണ്ണാര്‍ക്കാട് കോടതിയാണ് അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ് എച്ച് ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട്ടെ എടത്തനാട്ടുകാരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദമായ ഡിഎന്‍എ പരാമര്‍ശമുണ്ടായത്. രാഹുല്‍ നെഹ്‌റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അന്‍വര്‍ പറഞ്ഞു. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.