തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി നിരാകരിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. വി എസിന്റെ ആക്ഷേപ ഹര്‍ജി കോടതി അംഗീകരിച്ചു.
15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വെള്ളാപ്പള്ളിക്കെതിരായ വിഎസ്സിന്റെ പരാതി. പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും വിഎസ്സിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
എന്നാല്‍ തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണത്തിലാണ് അഞ്ച് കേസുകള്‍ എഴുതി തളളാന്‍ തീരുമാനിച്ചിരിക്കുന്നത്. വായ്പ നല്‍കിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്.