ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്. മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ ഡല്‍ഹി കോടതി നീട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ബിആര്‍എസ് നേതാവ് കെ കവിതയെയും മെയ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
എക്സൈസ് നയം പരിഷ്‌കരിക്കുമ്പോള്‍ ക്രമക്കേടുകള്‍ നടന്നതായാണ് ഇഡി ആരോപണം. ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുത്തെന്നും അതിന് വേണ്ടി വാങ്ങിയ കൈക്കൂലി പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇഡി ആരോപിക്കുന്നു. നേരത്തെ ആം ആദ്മിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ സഞ്ജയ് സിംഗിന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ഒഴിവാക്കി കോടതി ജാമ്യം നല്‍കിയിരുന്നു.