ഡല്‍ഹി: ഇ.പി. ജയരാജനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കഴിഞ്ഞ കുറേക്കാലമായി തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സി.പി.എം. എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ തലയ്ക്ക് മുകളില്‍ വാള് കെട്ടിത്തൂക്കിയതുപോലെയായിരുന്നു ഈ കേസ്. ഇല്ലാത്ത കുറ്റത്തിന് പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനല്‍ ലീഡറാക്കി എന്നെ രാഷ്ട്രീയത്തില്‍ നശിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റേയും ബി.ജെ.പിയുടേയും രാഷ്ട്രീയനയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി. എനിക്ക് ഒരു മോചനം കിട്ടിയ വിധിയാണ് ഇത്.’ അദ്ദേഹം തുടര്‍ന്നു.
കേസ് തുടര്‍ന്നും അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ കണ്ടുപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റേതാണെന്നും സുധാകരന്‍ പറഞ്ഞു. അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകട്ടെ. പറ്റാവുന്ന രീതിയിലൊക്കെ താനും അവിടെ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘പാവം ഇ.പി.’ എന്നായിരുന്നു സുധാകരന്റെ മറുപടി.