ഡെഹ്റാഡൂൺ: ഉത്തർപ്രദേശിൽ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലെ ഒരു പള്ളിയും ശവകുടീരവും കെട്ടിമറച്ചതാണ് വിവാദമായിരിക്കുന്നത്.
നടപടി വിമർശനത്തിന് ഇടയാക്കിയതോടെ കെട്ടിമറച്ച വെള്ളത്തുണി അഴിച്ചുമാറ്റി. ആര്യനഗറിന് സമീപത്തെ ഇസ്ലാം നഗർ പള്ളിയും എലിവേറ്റണ്ട ബ്രിഡ്ജിലെ ഒരു പള്ളിയും ശവകുടീരവും മറയ്ക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. കൻവാർ യാത്ര സുഖമമായി നടത്താനും പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാനുമാണ് നടപടിയെന്നാണ് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പ്രതികരിച്ചത്.
വിവാദ നടപടിക്കെതിരെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. ‘വഴിയിൽ അമ്പലവും പള്ളിയും മുസ്ലിം പള്ളിയുമെല്ലാം ഉണ്ടാകും. അതാണ് ഇന്ത്യ. മറ്റൊരു വിശ്വാസത്തിൻ്റെയോ മതസ്ഥലത്തിൻ്റെയോ നിഴൽ അവരുടെമേൽ വീഴുന്നത് ഒഴിവാക്കാൻ കൻവാർ യാത്രക്കാർ അത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരാണോ’ – റാവത്ത് ചോദിച്ചു.
നടപടിയിൽ എതിർപ്പ് അറിയിച്ച് പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ രംഗത്തെത്തി. തങ്ങളെ അറിയിക്കാതെയാണ് അധികൃതർ പള്ളിയും ശവകുടീരവും കെട്ടിമറച്ചതെന്ന് ശവകുടീരവുമായി ബന്ധപ്പെട്ട ഷക്കീൽ അഹമ്മദ് എന്നയാൾ പറഞ്ഞു.