കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ വാഗ്ദാനങ്ങൾ നിറവേറ്റാനും പദ്ധതികൾ പൂർത്തിയാക്കാനും ജനപ്രതിനിധികൾക്കു നിർദേശം നൽകി സിപിഐ. 2025 ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒക്ടോബർ അവസാനത്തിലായിരിക്കും നടക്കുക. ഇതിനു മുന്നോടിയായാണ് എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സിപിഐ പ്രതിനിധികളായ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കു പാർട്ടി നിർദേശം ലഭിച്ചിരിക്കുന്നത്.
അവസാന ഒരു വർഷം ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടൽ നടത്തണമെന്നും പോരായ്മകൾ ഉണ്ടാകരുതെന്നും പാർട്ടി നിർദേശിക്കുന്നു. ജനകീയ പദ്ധതികൾ പ്രഖ്യാപിക്കണം, തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ ജനകീയ പദ്ധതികൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം, ഉദ്ഘാടനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ ശ്രദ്ധിക്കണം, പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നടപ്പാക്കിയോ എന്നു പരിശോധിക്കണം, വാഗ്ദാനങ്ങൾ ബാക്കിയുണ്ടെങ്കിൽ നടപ്പിലാക്കാൻ ശ്രമിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.