ഇടതിന്റെ മുഖ്യ എതിരാളി ആര്‍എസ്എസ് നയിക്കുന്ന ബിജെപി തന്നെയാണ്; ബിനോയ് വിശ്വം

ഇടതിന്റെ മുഖ്യ എതിരാളി ആര്‍എസ്എസ് നയിക്കുന്ന ബിജെപി തന്നെയാണ്; ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണ്, ഇടതിന്റെ മുഖ്യഎതിരാളി ആര്‍എസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്ത് വരും. ഒന്നാംസ്ഥാനത്ത് എന്‍ഡിഎഫ് വരും. പ്രതാപം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാര്‍ത്ഥ്യമാണ് പന്ന്യന്‍ പറഞ്ഞത്. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങള്‍ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സര്‍വേ ജനങ്ങളുടെ സര്‍വേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസുണ്ടെങ്കില്‍ ബിജെപിക്ക് വേറെ ആളുകളെ വേണ്ട. യുഡിഎഫ്-ബിജെപി സഖ്യം എല്ലായിടത്തും പ്രകടമാണ്. വെണ്ണ ഉരുക്കി നെയ്യാക്കുന്നത് പോലെയാണ് കോണ്‍ഗ്രസ്. ബിജെപി ഒന്ന് കണ്ണുരുട്ടിയാല്‍ പോകുന്നതാണ് കോണ്‍ഗ്രസ് ശൈലി. മദ്യവും പണവും അളവറ്റതോതില്‍ ഒഴുക്കിയാണ് ബിജെപിയും കോണ്‍ഗ്രസും വോട്ട് പിടിക്കുന്നത്. ഇടതുപക്ഷം ഇതൊന്നുമില്ലാതെ വോട്ട് തേടി. ഇത്തവണ മോദിക്ക് നമ്പര്‍ തികയ്ക്കാന്‍ കഴിയില്ല. തൂക്കുസഭ വന്നാല്‍ എന്‍ഡിഎയ്ക്ക് സാധ്യതയുണ്ടെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയാകും.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മോദി ഭക്തനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തിയ ആളാണ് തരൂര്‍. തരൂര്‍ മനസ് കൊണ്ട് ബിജെപിയാണ്. ലീഗ് റാലിയില്‍ ഹമാസ് വിരുദ്ധ പരാമര്‍ശം നടത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്ത് വോട്ടര്‍മാര്‍ ഇടതിനൊപ്പമാണെന്നും ലത്തീന്‍ സഭ ഇടതിനെ എതിര്‍ക്കുന്നു എന്നത് ശരിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Top