തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍. ഇ പി ജയരാജനെ കുറെ കാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
‘കുറേ കാലമായി അദ്ദേഹത്തെ പാർട്ടി ഒതുക്കുകയാണ്. എന്നാല്‍ അത് എന്നെക്കുറിച്ചല്ല എന്ന ഒരു മട്ടില്‍ കണ്ണടച്ച് നടക്കുകയായിരുന്നു ഇ പി. ഓരോ സന്ദര്‍ഭത്തിലും നല്‍കേണ്ട പിന്തുണ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അദ്ദേഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ച പിന്തുണ എല്‍ഡിഎഫില്‍ നിന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അതിന്റെ സ്വാഭാവിക പരിണാമമായ പുറത്താകുക എന്നതിലേക്ക് വന്നു. ഇ പി ജയരാജനെ പോലുള്ള ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്തില്‍ നിന്നുമുണ്ട്. ആ ചോദ്യം ചോദ്യമായി നില്‍ക്കുമെന്ന് എനിക്ക് അറിയാം,’ അദ്ദേഹം പറഞ്ഞു.
Also Read: ഇ പി ജയരാജനെ നീക്കി
ഇ പി ജയരാജന്‍ ബിജെപി നേതാവ് ജാവദേക്കറെ പോയി കണ്ടത് അദ്ദേഹത്തിന്റെ മാത്രം തീരുമാനത്തിലാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും കാലം കഴിഞ്ഞിട്ടാണ് ഇ പി ജയരാജനെ പൂര്‍വകാല പ്രാബല്യത്തോടെ പുറത്താക്കാന്‍ തീരുമാനമെടുത്തതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സിപിമ്മിന്റെ ബിജെപി ബന്ധം തെളിഞ്ഞു : വി ഡി സതീശൻ
‘സിപിഐഎമ്മിനകത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അസ്പര്‍ശ്യനായിട്ടാണ് ഇ പി ജയരാജന്‍ കുറച്ച് കാലമായി നിന്നത്. അദ്ദേഹത്തെക്കുറിച്ച് നേരത്തെ വിവാദം വന്നിരുന്നു, ഇടതുപക്ഷത്തിന്റെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ രൂപത്തില്‍ എത്രയോ കാലമായി നടക്കുന്നു. അവസാനം അതിലൊരു ഒത്തുതീര്‍പ്പുണ്ടായിട്ടുണ്ടാകാമെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അദ്ദേഹം സജീവമാകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് വേറൊരു കാര്യം കൊണ്ടുവന്ന് വീണ്ടും ബ്രേക്ക് ചെയ്യുകയാണ്,’ തിരുവഞ്ചൂർ പറഞ്ഞു.