തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനവെ സിപിഐഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഐഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്ത ഇസ്ലാമി, എസ്ഡിപി ഐ തുടങ്ങിയവരുമായി വിവിധ തിരഞ്ഞെടുപ്പുകളില്‍ തോളോട് തോള്‍ ചേര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തിച്ചത്. ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി അമീറുമാരെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ലോക്സഭാ, നിയമസഭാ,തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ജമാഅത്ത ഇസ്ലാമിയും പരസ്പരം സഹകരിച്ചതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി പോയയെന്ന ബോധ്യത്തില്‍ നിന്നാണ് ഇപ്പോള്‍ പുതിയ അടവ് നയം സിപിഎം പയറ്റുന്നത്. ജമാഅത്ത ഇസ്ലാമി 1996 എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതിലുള്ള ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം വീണ്ടും വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറന്നുപോയ പഴയകാര്യങ്ങള്‍ ഓര്‍മ്മവരും.
Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ
ആര്‍എസ്എസിനെക്കാള്‍ വലിയ ഹൈന്ദവവത്കരണമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത അജണ്ട. അതിന്റെ ഭാഗമാണ് ഇത്രയും നാള്‍ നല്ലബന്ധത്തിലായിരുന്ന മുസ്ലീം സംഘടനകളെ പെടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത്. സിപിഎം ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ മതവികാരം ഇളക്കിവിടാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ പരാമര്‍ശം.
Also Read: ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ഹവാല, സ്വര്‍ണ്ണക്കടത്ത് എന്നിവയുടെ ഹബ്ബായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. അതിന് പി ആര്‍ ഏജന്‍സികളുടെ സഹായവും തേടി. വെള്ളത്തിന് തീപിടിപ്പിക്കുന്ന വിദ്വേഷ സ്വരങ്ങളെ മുഖ്യമന്ത്രി ഒളിപ്പിച്ച് കടത്തുന്നത് സംഘപരിവാറിനെ സംതൃപ്തപ്പെടുത്താനാണ്. ബിജെപിക്ക് ഒപ്പമുള്ള ജെഡിഎസിന്റെ ലേബലില്‍ വിജയിച്ച എംഎല്‍എയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതും ആര്‍എസ്എസ് നേതാക്കളുമായി നിരന്തരമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ സംരക്ഷിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സംഘപരിവാര്‍ നേതൃത്വത്തോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണ്.
ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എന്‍സിപിയിലേക്ക് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ ചേര്‍ക്കാന്‍ ഇടതുമുന്നണിയിലെ എംഎല്‍എ ശതകോടികള്‍ വാഗ്ദാനം ചെയ്തവിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തതും സിപിഎമ്മിലെ പുതിയ സംഘപരിവാര്‍ സ്വാധീനത്തിന്റെ ഭാഗമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അഭിമാനകരമായ ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രമാണ് മുസ്ലീംലിഗിനുള്ളത്.മതസൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്തുന്ന പ്രവര്‍ത്തന ശൈലിയിലൂടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയ സംസ്‌കാരം സംഭാവന ചെയ്ത പ്രസ്ഥാനമാണ് ലീഗ്.കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ള മതേരനിലപാടും മതനിരപേക്ഷതയും സംസ്ഥാനത്തിന്റെ സാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഗുണകരമായിട്ടുണ്ട്. കേരളത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് ലീഗിന്റെ നേതാക്കള്‍ നല്‍കിയ സമര്‍പ്പിതമായ സംഭാവനങ്ങള്‍ വിസ്മരിക്കപ്പെടാന്‍ കഴിയാത്തവയാണെന്നും അതിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.