സിപിഎമ്മിന്റെ ബിജെപി ബന്ധം തെളിഞ്ഞു : വി ഡി സതീശൻ

കേസുകൾ ദുർബലമാക്കാനാണ് ജാവദേക്കറെ കണ്ടതെന്നും വിഡി സതീശൻ പറഞ്ഞു

സിപിഎമ്മിന്റെ ബിജെപി ബന്ധം തെളിഞ്ഞു : വി ഡി സതീശൻ
സിപിഎമ്മിന്റെ ബിജെപി ബന്ധം തെളിഞ്ഞു : വി ഡി സതീശൻ

തിരുവനന്തപുരം:എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വിഡി സതീശൻ തൃശൂരിൽ പറഞ്ഞു. ഇപി ജയരാജന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ബിജെപി നേതാവ് ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും വിഡി സതീശൻ ചോദിച്ചു. കേസുകൾ ദുർബലമാക്കാനാണ് ജാവദേക്കറെ കണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.

പിവി അൻവർ എംഎൽഎയുമായി പത്തനംതിട്ട എസ്‍പി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിലുടെയും എഡിജിപി എംആർ അജിത്ത്കുമാറിനെതിരായ ആരോപണത്തിലും കേരള പൊലീസ് മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയിലാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. പാർട്ടിയുടെ അടിമക്കൂട്ടമാണ് പൊലീസ്. പൊലീസിലും സിപിഎം-ബിജെപി ബന്ധമുണ്ട്. കേരള പൊലീസ് സിപിഎമ്മിൻറെ ഏറാൻ മൂളികളായി മാറി. എഡിജിപി കോഴ വാങ്ങിയെന്ന് എസ്പി പറയുകയാണ്.

Also Read:ഇ പി ജയരാജനെ നീക്കി

എസ്‍പിയുടെ അഴിമതിയാരോപണം അൻവർ എംഎൽഎയും ശരിവെക്കുന്നു. സത്യസന്ധനായ മലപ്പുറം എസ്‍പി അപകീർത്തിപ്പെടുത്തുകയാണ് അൻവർ എംഎൽഎയും എസ്‍പിയും. എസ്‍പി ഭരണകക്ഷി എംഎൽഎയുടെ കാലുപിടിക്കുന്ന അവസ്ഥയാണുള്ളത്. ഇതിൽ മുഖ്യമന്ത്രി മറുപടി പറയണം. കേരള പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി-എഡിജിപി അച്ചുതണ്ടാണ് പൊലീസിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

Top