ഡൽഹി: പി.വി.അൻവറിനെതിരെയുള്ള തീരുമാനം ചർച്ച ചെയ്യാൻ ഡൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 2.30ന് ഗോവിന്ദൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അപ്പോൾ അൻവറിനെതിരായ തീരുമാനം പ്രഖ്യാപിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരും ഡൽഹിയിലുണ്ട്. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനായാണ് നേതാക്കൾ ഡൽഹിയിലെത്തിയത്.
അൻവറിനെതിരായ തീരുമാനം പരസ്യപ്പെടുത്തേണ്ടത് ആണെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായിട്ട് എത്ര കാലങ്ങളായി ആരോപണം ഉയരുന്നു. ലാവ്‍ലിൻ ആരോപണം കത്തിനിൽക്കുന്ന സമയത്തല്ലേ 2011ൽ തിരഞ്ഞെടുപ്പ് നടന്നത്. അൻവർ പാർട്ടി എംഎൽഎ അല്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
‘‘അൻവറിന്റെ വാർത്താ സമ്മേളനത്തെപ്പറ്റി പത്രങ്ങളെല്ലാം പല വ്യഖ്യാനങ്ങളും നടത്തിയിട്ടുണ്ട്. അത് ശരിയാണോ എന്ന് അൻവർ തന്നെയാണ് പറയേണ്ടത്. ഇതിനു മുൻപ് അൻവർ ഉന്നയിച്ച പല ആരോപണങ്ങളും ഇവിടെയുണ്ട്. ശത്രുക്കളുടെ കയ്യിലെ ആയുധമായാണ് അൻവർ പ്രയോഗിക്കുന്നത്. 2 മണിക്കൂറാണ് വാർത്താസമ്മേളനത്തിന് കൊടുത്തത്. വലിയ പ്രചാരണമല്ലേ നൽകിയത്. അൻവറിന്റെ പ്രതികരണം വന്നതോടെ പ്രതിപക്ഷത്തുള്ള എല്ലാവരും ഇളകി വരാൻ തുടങ്ങി. കോൺഗ്രസ് സംസ്കാരമുണ്ടായിരുന്ന ഒരു വ്യക്തിയാണ് അൻവർ. കോൺഗ്രസ് വിട്ടു വന്നപ്പോൾ നിലമ്പൂരിൽ കോൺഗ്രസിനെ തോൽപിക്കാൻ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. കോടിയേരിയുടെ സംസ്കാരത്തെ സംബന്ധിച്ച കാര്യങ്ങളെല്ലാം പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്’’ – ടി.പി.രാമകൃഷ്ണൻ പറഞ്ഞു.