തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സാബു എം ജേക്കബ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണത്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണ്. എറണാകുളത്തും ചാലക്കുടിയിലും കോണ്‍ഗ്രസും സിപിഐഎമ്മും ട്വന്റി- ട്വന്റിയെ പ്രധാന എതിരാളിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും രണ്ട് ടീം അല്ല ഒറ്റ ടീം ആണെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും എറണാകുളത്തുമായി രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സരിപ്പിക്കുന്നത്. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ത്ഥികള്‍.
ട്വന്റി20 പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റുമെന്ന് നേരത്തെ സാബു എം ജേക്കബ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്നായിരുന്നു നിലപാട്.