കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു: സിപിഎമ്മിന് 2026 വരെ ദേശീയ പാര്‍ട്ടിയായി തുടരാം

കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു: സിപിഎമ്മിന് 2026 വരെ ദേശീയ പാര്‍ട്ടിയായി തുടരാം
കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു: സിപിഎമ്മിന് 2026 വരെ ദേശീയ പാര്‍ട്ടിയായി തുടരാം

സംസ്ഥാന പാര്‍ട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു:സിപിഎമ്മിന് 2026 വരെ ദേശീയ പാര്‍ട്ടിയായി തുടരാം

ഡല്‍ഹി: നിലവില്‍ രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികളിലൊന്നാണ് സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമാണ് നിലവില്‍ സിപിഎമ്മിനു ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത്. കേരളം, ത്രിപുര, ബംഗാള്‍, തമിഴ്‌നാട് എന്നിവയാണ് 4 സംസ്ഥാനങ്ങള്‍.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റിന്റെ ബലത്തിലാണു ബംഗാളില്‍ സംസ്ഥാന പാര്‍ട്ടി പദവി പാര്‍ട്ടി നിലനിര്‍ത്തിപ്പോരുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തില്‍ തല്‍ക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാര്‍ട്ടിയായി തുടരാം.

തമിഴ്‌നാട്ടിലും ബംഗാളിലും ഇത്തവണ നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റു വീതമെങ്കിലും ജയിക്കേണ്ടത് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമാണ്.തമിഴ്‌നാട്ടില്‍ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. എന്നാല്‍ ബംഗാളില്‍ ഇപ്പോള്‍ 2 സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി 2026ല്‍ നഷ്ടമാകും.

ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പിടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കില്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3 സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ ലോക്‌സഭയിലേക്ക് അയയ്ക്കണം.

സാധ്യതകള്‍ ഇങ്ങനെ

ദേശീയ പാര്‍ട്ടിയാകുന്നതിനുള്ള 3 മാനദണ്ഡങ്ങളും നിലവിലെ അവസ്ഥയും സാധ്യതയും. നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്‌സഭയില്‍ മൊത്തം 4 അംഗങ്ങളെങ്കിലും വേണം.

നിലവിലെ അവസ്ഥ

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം (25.83%), ത്രിപുര(17.31%), ബംഗാള്‍ (6.28%) എന്നിവിടങ്ങളില്‍ 6 ശതമാനത്തിലേറെ വോട്ടു നേടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം (25.38%), ത്രിപുര (24.62%) എന്നിവിടങ്ങളില്‍ മാത്രമാണ് 6 ശതമാനത്തിലേറെ വോട്ടു കിട്ടിയത്. ലോക്‌സഭയില്‍ 3 സീറ്റ് മാത്രം.

സാധ്യത

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ 6 ശതമാനത്തിലെറെ വോട്ടു ലഭിക്കാന്‍ സാധ്യത. നാലാമതൊരു സംസ്ഥാനത്തില്‍ പ്രതീക്ഷയില്ല. 4 സീറ്റ് ലോക്‌സഭയിലേക്കു കിട്ടാന്‍ സാധ്യതയുണ്ട്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

2 ലോക്‌സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം. എംപിമാര്‍ 3 സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ആയിരിക്കണം.

നിലവിലെ അവസ്ഥ

ലോക്‌സഭയില്‍ 2 സംസ്ഥാനങ്ങളില്‍ നിന്നായി (കേരളം, തമിഴ്‌നാട്) 3 സീറ്റ് മാത്രം.

സാധ്യത

കേരളം, ബംഗാള്‍, ത്രിപുര, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി 11 സീറ്റു ലഭിക്കണം. കേരളത്തിലും ബംഗാളിലും മികച്ച പ്രകടനം നടത്തിയാലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. വിദൂര സാധ്യത മാത്രം. 3 4 സംസ്ഥാനങ്ങളില്‍ സംസ്ഥാന പദവി.

നിലവിലെ അവസ്ഥ

കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിനു സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്.

സാധ്യത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം, ത്രിപുര എന്നിവിടങ്ങളിലെ പ്രകടനം മോശമായാലും പ്രശ്‌നമില്ല. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടിടത്തും സംസ്ഥാന പാര്‍ട്ടിയായി തുടരാം. എന്നാല്‍ ബംഗാളിലും തമിഴ്‌നാട്ടിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനമായതിനാല്‍ രണ്ടിടത്തും ലോക്‌സഭയിലേക്ക് 2 സീറ്റു വീതം നേടണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തില്‍ 25:1 എന്ന അനുപാതത്തില്‍ ജയം നേടിയാല്‍ സംസ്ഥാനപദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് 2 സീറ്റിലെ ജയം അനിവാര്യമാകുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പിടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും.

Top