ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ചേരും. മധുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള നടപടികളാകും സിസി പ്രധാനമായും ചർച്ച ചെയ്യുക. സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ നിശ്ചയിച്ചാൽ മതിയെന്ന ശുപാർശ പിബി കേന്ദ്ര കമ്മിററിക്കു മുമ്പാകെ വെയ്ക്കും. അതുവരെയുള്ള താല്ക്കാലിക സംവിധാനം സിസി നിശ്ചയിക്കും.
പാർട്ടി സെൻററിൻറെ ഏകോപന ചുമതല പ്രകാശ് കാരാട്ടിന് നല്കാനാണ് സാധ്യത. പിവി അൻവർ ഉന്നയിച്ച ആരോപണം അടക്കം കേരളത്തിലെ വിവാദ വിഷയങ്ങളിൽ സിസിയിൽ കാര്യമായ ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് നേതാക്കൾ അറിയിച്ചു. അതേ സമയം അതൃപ്തി തുടരുന്നതിനിടെ ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയിട്ടില്ല. ഇന്നലെ അന്തരിച്ച പുഷ്ചന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താനാവില്ലെന്നാണ് പ്രതികരണം.