സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ. മൂന്നുദിവസമായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.

ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും. ഏതുതരം തിരുത്തൽ വേണമെന്നതിൽ ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിർണായകമാകും. സംസ്ഥാനങ്ങളിലെ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചയാകും.

ഇതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റിയുമാണ് ചേരുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെറ്റു തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ സിപിഎം തീരുമാനിച്ചിരുന്നു.

ജില്ലാ തലങ്ങളിൽ കൂടി ചർച്ച ചെയ്ത ശേഷമാണ് അത് ഏതു രീതിയിൽ വേണമെന്ന് സിപിഎം അന്തിമമായി തീരുമാനിക്കുക. സർക്കാരിനുള്ള മാർഗനിർദേശങ്ങളും അന്തിമമാക്കുക ജില്ലാ നേതൃയോഗങ്ങൾക്ക് ശേഷമാണ് ഇതിനായി ചേർന്ന മിക്ക ജില്ലാ കമ്മിറ്റികളിലും കടുത്ത വിമർശമാണ് മുഖ്യമന്ത്രിയും സർക്കാരും നേരിടുന്നത്.

Top