പ്രായതടസ്സം നീങ്ങിയാൽ മണിക് സർക്കാർ സെക്രട്ടറിയാകും, സി.പി.എം പി.ബിയിൽ വിജൂവിനും തരിഗാമിക്കും സാധ്യത

നിരവധി തവണ ഭീകരരുടെ വധശ്രമങ്ങളെ അതിജീവിച്ച ധീരനായ കമ്യൂണിസ്റ്റാണ് തരിഗാമി

പ്രായതടസ്സം നീങ്ങിയാൽ മണിക് സർക്കാർ സെക്രട്ടറിയാകും, സി.പി.എം പി.ബിയിൽ വിജൂവിനും തരിഗാമിക്കും സാധ്യത
പ്രായതടസ്സം നീങ്ങിയാൽ മണിക് സർക്കാർ സെക്രട്ടറിയാകും, സി.പി.എം പി.ബിയിൽ വിജൂവിനും തരിഗാമിക്കും സാധ്യത

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തമിഴ്‌നാട് വേദിയാകാനിരിക്കുന്ന ഘട്ടത്തിലാണ് സി.പി.എം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി വിട പറഞ്ഞിരിക്കുന്നത്. ഈ ഒരു ഘട്ടത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആര് എത്തുമെന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ഈ പാര്‍ട്ടി സമ്മേളനത്തോടെ സി.പി.എം പരമാധികാര സമിതിയായ പി.ബിയില്‍ നിന്നും പ്രായപരിധിയില്‍ തട്ടി ഒഴിവാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബൃന്ദ കാരാട്ട് മുതല്‍ എ വിജയരാഘവനും എം.എ ബേബിയും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും വരെ സാധ്യത ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. താല്‍ക്കാലിക ചുമതല ആര്‍ക്ക് തന്നെ നല്‍കിയാലും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പുതിയ ജനറല്‍ സെക്രട്ടറി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

സീതാറാം യെച്ചൂരിയെ പോലെ ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവായിരിക്കണം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകേണ്ടത് എന്ന നിലപാടാണ് സി.പി.എം അണികള്‍ക്കും നേതൃത്വത്തിലെ നല്ലൊരു വിഭാഗത്തിനും ഉള്ളത്. മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പേരാണ് ഇവരെല്ലാം മുന്നോട്ട് വെയ്ക്കുന്നത്. മണിക്ക് സര്‍ക്കാറിന്റെ കാര്യത്തില്‍ പ്രായപരിധി തടസമായാല്‍ മാത്രമേ മറ്റു ഓപ്ഷനിലേക്ക് സി.പി.എം കടക്കൂ എന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Brinda Karat

സി പി എം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് 2025 ഏപ്രില്‍ ആദ്യവാരം മധുരയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തമിഴ്‌നാട് ഘടകം തുടങ്ങിയിട്ടുമുണ്ട്. ഈ പാര്‍ട്ടി കോണ്‍ഗ്രസ്സോടെ അഖിലേന്ത്യാ കിസാന്‍ സഭാ നേതാവായ വിജൂ കൃഷ്ണന്‍ സി.പി.എം പിബിയില്‍ എത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിജൂ കൃഷ്ണന്‍ പി.ബിയില്‍ എത്തുന്നത് സംഘടനാപരമായി സി.പി.എമ്മിന് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നിലവില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും സി.പി.എം പി.ബിയില്‍ എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ്. നിരവധി തവണ ഭീകരരുടെ വധശ്രമങ്ങളെ അതിജീവിച്ച ധീരനായ കമ്യൂണിസ്റ്റാണ് തരിഗാമി.

Also read: ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ

പതിനേഴംഗ സി.പി.എം പി.ബിയില്‍ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ 75 എന്ന പാര്‍ട്ടി പ്രായ പരിധി കടന്നവരാണ്. ഇതില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചാല്‍ മാത്രമാണ് മണിക് സര്‍ക്കാരിനോ ബൃന്ദയ്‌ക്കോ നറുക്ക് വീഴുക. പശ്ചിമ ബംഗാളില്‍ നിന്നുള്ള തപന്‍ സെന്‍, ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവലു, എം.എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ പാര്‍ട്ടി പ്രായപരിധി കടന്നിട്ടില്ലെങ്കിലും ദേശീയ തലത്തില്‍ പ്രശസ്തരല്ല എന്നതാണ് ഇവര്‍ക്കു മുന്നിലുള്ള പ്രധാന തടസ്സം. ഇവിടെയാണ് മണിക് സര്‍ക്കാരിന്റെയും ബൃന്ദ കാരാട്ടിന്റെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭരണകൂടങ്ങള്‍ക്കുമെല്ലാം ഈ മുഖങ്ങള്‍ സുപരിചിതമാണ്. യെച്ചൂരി ശോഭിച്ച മേഖലകളില്‍ ഒരു പരിധിവരെ ശോഭിക്കാനും ഇവര്‍ക്കു കഴിയും. ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് ബൃന്ദ കാരാട്ട്.

Manik Sarkar

രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെ ഒരു പോലെ ബഹുമാനിച്ചു പോവുന്ന ലളിത ജീവിത ശൈലിയുടെ ഉടമയാണ് മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ മണിക് സര്‍ക്കാര്‍ പിന്തുടർന്ന ജീവിതരീതി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദരിദ്രനായ മുഖ്യമന്ത്രി എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും മണിക് സര്‍ക്കാരിനെ വിശേഷിപ്പിച്ചിരുന്നത്.

1972ല്‍ മേഘാലയയ്ക്കും മണിപ്പൂരിനുമൊപ്പമാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1987ല്‍ സി.പി.എം ആദ്യമായി ഇവിടെ അധികാരത്തിലെത്തി. 1988-1993 കാലഘട്ടത്തിലൊഴികെ ത്രിപുര ഭരിച്ചത് സി.പി.എമ്മാണ്. 1993-1998 കാലഘട്ടത്തില്‍ ദശരഥ് ദേബായിരുന്നു മുഖ്യമന്ത്രി. അതിനു ശേഷമാണ് മണിക് സര്‍ക്കാര്‍ നായകസ്ഥാനം ഏറ്റെടുത്തത്. തുടര്‍ച്ചയായി നാല് തവണയാണ് മണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നത്. അധികാരത്തില്‍ ഉള്ളപ്പോഴും അധികാരം നഷ്ടമായപ്പോഴും കമ്യൂണിസ്റ്റ് ജീവിത രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. ഇപ്പോഴും ആ രീതി തുടരുകയുമാണ്.

CPIM

ഇടതുപക്ഷ സര്‍ക്കാര്‍ ത്രിപുരയില്‍ ഉണ്ടാക്കിയ നേട്ടങ്ങളേക്കാള്‍ താമരയില്‍ പുതിയ സ്വപ്നം കാണുന്ന പുതിയ തലമുറയാണ് ചെങ്കൊടിക്ക് മേല്‍ കാവിയുടെ ആധിപത്യം സൃഷ്ടിക്കാന്‍ വഴി ഒരുക്കിയിരുന്നത്. അവരെ സംബന്ധിച്ച് തുടര്‍ച്ചയായി കണ്ടുമടുത്ത ഭരണം മാറണമെന്നതു മാത്രമായിരുന്ന ഒറ്റ അജണ്ട. ത്രിപുരയിലെ കോണ്‍ഗ്രസ്സ് ഒന്നാകെ കാവിയണിയുകകൂടി ചെയ്തതോടെ ബി.ജെ.പിക്കാണ് കാര്യങ്ങള്‍ എളുപ്പമായിരുന്നത്. പിറന്ന് വീണ അന്നു മുതല്‍ ചെങ്കൊടി ഭരണം കാണുന്ന പുതുതലമുറയോട് ‘നമുക്ക് മാറാം ‘ എന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ ഹൈടെക് പ്രചരണത്തില്‍ ഇവരില്‍ വലിയ വിഭാഗവും വീണുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയെ ‘സ്വര്‍ഗ്ഗമാക്കും’ എന്ന വാഗ്ദാനം നല്ലൊരു വിഭാഗവും വിശ്വസിച്ചു.

ഗോത്ര വര്‍ഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന വിഘടനവാദം ഉയര്‍ത്തിയ ഐ.പി.എഫ്.ടി പാര്‍ട്ടിയുടെ പിന്തുണയും ബി.ജെ.പിക്ക് ഇടതുഭരണം അട്ടിമറിയ്ക്കാന്‍ സഹായകരമായിട്ടുണ്ട്. ത്രിപുരയിലെ ജനങ്ങളെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന പരിവാര്‍ തന്ത്രമാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും അഞ്ച് എം.എല്‍.എമാരുമായി എത്തിയ സുദീപ് റോയ് ബര്‍മനും ബി.ജെ.പി വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വാരാണസിയില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച ആര്‍.എസ്.എസ് നേതാവ് സുനില്‍ ദിയോധര്‍ എന്നിവരാണ് ത്രിപുര പിടിക്കാനുള്ള ബി.ജെ.പി പ്രചരണത്തിന് മുന്നില്‍ നിന്നിരുന്നത്.

Amit Shah

കാല്‍ നൂറ്റാണ്ടായി തുടര്‍ച്ചയായി സി.പി.എം നേതൃത്വത്തില്‍ ചുവപ്പണിഞ്ഞ സംസ്ഥാനമാണ് കാവിയുടെ ഈ തേരോട്ടത്തില്‍ കാവിയണിഞ്ഞിരിക്കുന്നത്. ഭരണ തുടര്‍ച്ച നേടാനും നിലവില്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ കരകയറ്റാനുള്ള നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് മണിക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ത്രിപുരയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ യുവത്വത്തിന് വലിയ പ്രാധാന്യം നല്‍കാനാണ് തീരുമാനം. ഈ തീരുമാനം നടപ്പാക്കുന്നതിനായി ചുക്കാന്‍ പിടിക്കുന്ന മണിക് സര്‍ക്കാരിന്, പ്രായപരിധിയും മറികടന്ന് ഒരു പുതിയ നിയോഗം സി.പി.എം ഏല്‍പ്പിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Staff Reporter

Top