കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അവതാരകയെ ഇറക്കി സിപിഎം.പശ്ചിമ ബംഗാളിലാണ് സിപിഎം എഐ അവതാരകയെ ഇറക്കിയത്.സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രത്യക്ഷപ്പെട്ട ‘സാമന്ത’ എന്ന അവതാരക ബംഗാളിയിലാണു സംസാരിക്കുന്നത്.
എഐ അവതാരകയായ സാമന്ത ബംഗാളി ഭാഷയില്‍ ഹോളി ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ ഹോളി സമ്മാനമാണ് ജെഎന്‍യു തെരഞ്ഞെടുപ്പ് വിജയം എന്നാണ് സാമന്തയുടെ വാക്കുകള്‍. നിര്‍മിതബുദ്ധി അവതാരകയായ സാമന്തയെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറക്കുമെന്ന് ജാദവ്പൂരിലെ ഇടത് സ്ഥാനാര്‍ഥി ശ്രീജന്‍ ഭട്ടാചാര്യ വ്യക്തമാക്കി. സമൂഹത്തിന് ഹാനികരമാകാത്ത പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന് ശ്രീജന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ എഐയെ മുറുകെ പിടിച്ചുള്ള സിപിഎം പ്രചാരണത്തെ ബിജെപി നേതാവ് തത്തഗതാ റോയി വിമര്‍ശിച്ചു. 1980കളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെ എതിര്‍ത്തവരാണ് സിപിഎം എന്നാണ് റോയിയുടെ വിമര്‍ശനം. എന്നാല്‍ ഇതിന് ശ്രീജന്‍ ഭട്ടാചാര്യ മറുപടി നല്‍കി. ‘കമ്പ്യൂട്ടറുകള്‍ക്ക് എതിരായിരുന്നില്ല സിപിഎം ഒരിക്കലും, എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം ഉണ്ടാകുമ്പോള്‍ സംഭവിച്ചേക്കാവുന്ന വലിയ തൊഴില്‍നഷ്ടം സിപിഎം ആഗ്രഹിച്ചിരുന്നില്ല’ എന്നുമാണ് ഭട്ടാചാര്യയുടെ പ്രതികരണം.
আপনাদের মতামত ও ভালোবাসা প্রত্যাশী আমরা।#LeftAlternative pic.twitter.com/FyfAgGDVvJ
— CPI(M) WEST BENGAL (@CPIM_WESTBENGAL) March 25, 2024