തിരുവനന്തപുരം: ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ 11ന് നടക്കും. ഇതിന് മുന്നോടിയായി രാവിലെ 9 ന് സെക്രട്ടേറിയറ്റ് യോഗവും ചേരും. ജില്ലാ കമ്മറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും.
ജില്ലാ കമ്മറ്റിയംഗങ്ങളില്‍ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമാകും. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ മന്ത്രി റിയാസ് അടക്കമുള്ളവര്‍ കര്‍ശന നടപടി വേണമെന്ന ആവശ്യക്കാരാണ്. ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനം ഉടന്‍ ചേരുന്ന ടൗണ്‍ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോര്‍ട്ട് ചെയ്യും. കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന വാദം ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.