പി.എസ്.സി കോഴ ആരോപണത്തിൽ പരാതിക്കാരന്റെ ശബ്ദസന്ദേശം പുറത്ത്

പരാതി നൽകാനൊരുങ്ങി കോഴ ആരോപണത്തിൽ പേരുവന്ന സിപിഎം നേതാവ് പ്രമോദ് കോട്ടൂളി

പി.എസ്.സി കോഴ ആരോപണത്തിൽ പരാതിക്കാരന്റെ ശബ്ദസന്ദേശം പുറത്ത്
പി.എസ്.സി കോഴ ആരോപണത്തിൽ പരാതിക്കാരന്റെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ പരാതിക്കാരന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ പരാതി നൽകാനൊരുങ്ങി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളി. കണ്ണൂർ സ്വദേശിക്കാണ് പണം നൽകിയതെന്ന് പരാതിക്കാരൻ സമ്മതിച്ചതോടെ പണമിടപാട് ആരുമായി നടന്നെന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ സ്വദേശിക്കാണ് പണം നൽകിയതെന്നും തൻറെ ജീവന് ഭീഷണിയുള്ളതിനാൽ പലതും തുറന്നുപറയാൻ കഴിയില്ലെന്നും പരാതിക്കാരന്റെ ശബ്ദസന്ദേശത്തിലുണ്ട്.പി.എസ്.സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിയുടെ പേര് വന്നതിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് തെളിയിക്കുന്നതുകൂടിയാണ് പരാതിക്കാരന്റെ ശബ്ദ സന്ദേശം.

ALSO READ: എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

നിയമനത്തിന് യഥാർഥ പണം നൽകിയത് കണ്ണൂരിലെ ഒരു വ്യക്തിക്കാണെന്നും കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗവും പ്രാദേശിക വനിതാ നേതാവും സിപിഎം കൗൺസിലറും ചേർന്ന് ആരോപണം പ്രമോദ് കോട്ടുളിയുടെ പേരിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നുവെന്നും പരാതിക്കാരൻ്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഭാര്യയുടെ ജോലി ആവശ്യത്തിനായി ഒരു വനിതാ നേതാവിനോട് സഹായം തേടിയിരുന്നു. ഒരാൾക്ക് പണം നൽകിയ കാര്യവും വനിതാ നേതാവിനോട് പറഞ്ഞിരുന്നു .ഇത് പ്രമോദിന്റെ പേരിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഗൂഢാലോചനയിൽ പങ്കുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇദ്ദേഹത്തിന്റെ ബാങ്കിൽ യോഗം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഭാര്യക്ക് ദേശീയ ആരോഗ്യ മിഷൻ വഴി ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.കേസിൽ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകൾ. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വൈശാഖ് പറഞ്ഞു.

Top