CMDRF

എറണാകുളത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്ന് സി.പി.എം

എറണാകുളത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്ന് സി.പി.എം
എറണാകുളത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്ന് സി.പി.എം

ടതുപക്ഷത്തിന് വലിയ സാധ്യത കാണുന്ന മണ്ഡലമായി എറണാകുളം മാറുമെന്ന് ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗവും സി.പി.എം നേതാവുമായ സക്കീര്‍ ഹുസൈന്‍.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയപ്രതിക്ഷേത്രത്തോളമാണ് ?

എറണാകുളം മണ്ഡലം നമ്മള്‍ പലപ്പോഴും മനസ്സിലാക്കുന്നത് പോലെ ഇടതുപക്ഷത്തിന് വലിയ പ്രയാസമുള്ള മണ്ഡലം ആണെന്നുള്ള പ്രചാരണമുണ്ടെങ്കിലും ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ള നിരവധി അവസരങ്ങള്‍ ഉണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷ വിജയത്തിന് വലിയ സാധ്യത ഉള്ള ഒരു മണ്ഡലമാണ് എറണാകുളം മണ്ഡലം. പ്രധാനമായും രണ്ടുമൂന്നു കാരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഒന്ന് വലിയ തോതില്‍ രാഷ്ട്രീയ രംഗത്ത് വന്നിട്ടുള്ള മാറ്റം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷത്തിന്റെ സാധ്യത, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന അവസ്ഥയിലേക്ക് വരുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കപ്പെട്ടിട്ടുള്ള അരക്ഷിത ബോധം ആ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൗനം ഇതെല്ലാം നല്ല നിലയില്‍ അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. മറ്റൊന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വലിയ തോതിലുള്ള ഒരു അംഗീകാരം ലഭ്യമാക്കണമെന്ന സന്ദര്‍ഭത്തിലാണ് നാം നില്‍ക്കുന്നത്. സ്ത്രീ സമൂഹത്തിനിടയില്‍ വലിയൊരു അംഗീകാരം ഇതിനകം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിജയ സാധ്യത വലിയ തോതിലുള്ള മണ്ഡലമാണ് എറണാകുളം.
ഈ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറ്റിങ് എംപി എന്ന നിലയില്‍ അദ്ദേഹത്തിന് അഞ്ചു കൊല്ലക്കാലം വേണ്ടവിധം പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ്. നമുക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ ഒരു എംപി എന്ന നിലയില്‍ അദ്ദേഹത്തിന് ലഭ്യമായ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാത്ത ഒരു മണ്ഡലമാണത്. തീര്‍ച്ചയായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച വന്നിട്ടുണ്ട്. നമ്മുടെ സ്ഥാനാര്‍ഥി കെ ജെ ഷൈന്‍ ടീച്ചര്‍ ഒരു സ്ത്രീ എന്ന നിലയില്‍ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് എറണാകുളം മണ്ഡലത്തിലെ അധ്യാപക വിഭാഗങ്ങളില്‍ നിന്ന് അവരുടെ സംഘടന നേതാവായി വളര്‍ന്നുവന്ന നേതാവ് എന്ന നിലയില്‍ വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. അത് വിജയസാധ്യത കൂട്ടുമെന്ന് തന്നെയാണ് കരുതുന്നത്

ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ എത്ര സീറ്റ് നേടുമെന്നാണ് കരുതുന്നത് ?

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ വല്യ തോതിലുള്ള അനുകൂലാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നപ്പോള്‍ അത് വലിയൊരു ഹൈപ്പാക്കി എടുത്തുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ആള്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്തിട്ടില്ല. പാര്‍ലമെന്റില്‍ ഏറ്റവും നിര്‍ണായകമായ പൗരത്വ നിയമ അടക്കമുള്ള കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള ഇരട്ടത്താപ്പ് തീര്‍ച്ചയായിട്ടും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേരളത്തില്‍നിന്ന് ഇടതുപക്ഷത്തിന് വലിയതോതില്‍ സീറ്റ് നേടിക്കൊടുക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറും.

യുഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ വളരെ കുറവാണ്. എന്താണ് താങ്കളുടെ വിലയിരുത്തല്‍ ?

എക്കാലത്തും അത് യുഡിഎഫിന്റെ ഒരു രാഷ്ട്രീയ നിലപാട് തന്നെയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് മൂന്ന് മന്ത്രിമാര്‍ വനിതകളായുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം ഒരു ഘട്ടത്തിലും ഒരു വനിതയ്ക്ക് അപ്പുറത്തേക്ക് മന്ത്രിയാക്കുന്നതിനെ കുറിച്ച് അവര്‍ ആലോചിച്ചിട്ട് പോലുമുണ്ടാവില്ല. പക്ഷേ ഇടതുപക്ഷം മൂന്നു വനിതകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു . അതുപോലെ തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിഞ്ഞ് 3 സ്ത്രീകള്‍ മത്സരിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തോട് അവര്‍ കാണിക്കുന്ന പരിഗണന അത്രമാത്രം ഉള്ളൂ. സ്ത്രീ സമൂഹത്തെ അംഗീകരിക്കുന്നില്ല എന്നുള്ളത് തന്നെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

വടകരയില്‍ ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് മുസ്ലിം പ്രാധിനിത്യം ഉറപ്പ് വരുത്താനാണോ ?

വടകര ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥം സംബന്ധിച്ച് എനിക്ക് തോന്നുന്നത് അത് മുസ്ലിം പ്രതിനിധ്യത്തിന്റെ പ്രശ്‌നം മാത്രമായിരിക്കില്ല, ഷൈല ടീച്ചര്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരമുണ്ട്, മുരളിയെ പോലൊരു സിറ്റിംഗ് അവിടുന്ന് മാറ്റണമെന്ന് അവര്‍ തീരുമാനിക്കുന്നത് മുരളി പരാജയപ്പെടുമോ എന്നൊരു ഭയം അവരില്‍ ഉണ്ടായതിന്റെ ഭാഗമായാണ് അത്തരമൊരു മാറ്റമുണ്ടായിട്ടുള്ളത്. മുസ്ലിം പ്രാധിനിത്യം എന്നതിനെ സംബന്ധിച്ച് യുഡിഎഫിന് അകത്ത് അങ്ങനെ ഒരു ആശങ്ക ഉണ്ടെന്ന് തോന്നുന്നില്ല.

മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ നിന്നും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ ?

മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എക്കാലത്തും ഇരട്ടത്താപ്പ് സ്വീകരിച്ചതായി നമുക്ക് കാണാന്‍ കഴിയും. ബാര്‍ബറി മസ്ജിദിന്റെ തകര്‍ച്ച രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് തകര്‍ക്കുന്നത്. അത് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസ് ഈ രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഒരുതരത്തിലുമുള്ള ഉത്തരവാദിത്വം കാണിച്ചിട്ടില്ല നമുക്ക് കാണാന്‍ കഴിയും. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇക്കാലയളവില്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇടതുപക്ഷത്തിലെ പ്രധാന ശത്രുവായി തിരഞ്ഞെടുപ്പില്‍ കാണുന്നത് ആരെയാണ് ?

നമുക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ വര്‍ഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇടതുപക്ഷം കൈകാര്യം ചെയ്യുന്നത്. ദേശീയതലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നുള്ളത് തന്നെയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട്. പക്ഷേ കേരളത്തില്‍ ബിജെപി ഇല്ല എന്നുള്ളത്‌കൊണ്ട് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് മത്സരം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതല്‍ സീറ്റ് ലഭ്യമാക്കാന്‍ കഴിയുന്ന രാഷ്ട്രീയമാണ് നമ്മളിവിടെ കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു എംപിയും ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തില്ല. ബിജെപിയുടെ കുതിരക്കച്ചവടങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. മറിച്ച് കോണ്‍ഗ്രസിനെ നമുക്ക് വിശ്വസിക്കാനാവില്ല. കോണ്‍ഗ്രസ് ഏത് തരത്തിലും മാറാന്‍ സന്നദ്ധമാണ്. ഇവിടെനിന്ന് ജയിച്ചു പോകുന്ന കോണ്‍ഗ്രസുകാര്‍ ഒരു പക്ഷേ ഡല്‍ഹിയിലെത്തിയാല്‍ ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങാത്തവരായി മാറില്ല എന്ന് നമുക്ക് വിശ്വസിക്കാനാവില്ല. കാരണം കഴിഞ്ഞ കാലങ്ങളിലെ ഇന്ത്യയിലെ ചിത്രമതാണ്. മുന്‍ മ മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കേന്ദ്ര മന്ത്രിമാര്‍ എല്ലാം ബിജെപിയിലേക്ക് മാറുകയാണ്. അതുകൊണ്ട് ബിജെപിക്കെതിരെ പൊരുതുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയമായി ഇടതുപക്ഷ രാഷ്ട്രീയം മാറുന്നു.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ സിപിഎം ഭയപ്പെടുന്ന കാര്യമെന്താണ് ?

ബിജെപി അധികാരത്തില്‍ വന്നാല്‍ നമ്മുടെ രാജ്യത്തിന്റെ നിലവിലുള്ള ഭരണഘടന സംവിധാനത്തെ അവര്‍ തകര്‍ക്കും. കാരണം ഇപ്പോള്‍ തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വനിയമം സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി അത് അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. കേരളമടക്കം അതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ബിജെപി അധികാരത്തില്‍ വരുന്നത് നമ്മുടെ രാജ്യത്തെ സാധാരണ മനുഷ്യരെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരാന്‍ പാടില്ല.

ആന്റണിയുടെയും കരുണാകരന്റെയും മക്കളിപ്പോള്‍ ബിജെപിയിലേക്ക് പോയല്ലോ, അതിനെക്കുറിച്ച്എന്താണ് പറയാനുള്ളത് ?

നേരത്തെ സൂചിപ്പിച്ചതുപോലെ ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ മക്കള്‍, കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്‍ അദ്ദേഹത്തിന്റെ മകനടക്കം നിരവധി ആളുകള്‍ ബിജെപിയിലേക്ക് പോയിരിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലാത്ത പാര്‍ട്ടി എന്ന നിലയില്‍ അവരുടെ അണികള്‍ക്ക് തന്നെ തോന്നുന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയിലേക്ക് പോകാന്‍ പാടില്ല എന്ന് തോന്നണമെങ്കില്‍ ബിജെപി വിരുദ്ധ മനോഭാവം കോണ്‍ഗ്രസിനകത്ത് ചര്‍ച്ചയാകണം. അവരുടെ പ്രവര്‍ത്തനരീതിയിലും നയങ്ങളിലും ഉണ്ടാവണ്ടേ, അതില്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

കേരളമാണ് അടുത്ത ടാര്‍ഗറ്റ് എന്നാണ് ബിജെപി പറയുന്നത്. അവര്‍ക്കിവിടെ മുന്നേറ്റം സാധ്യമാണോ ?

കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം സാധ്യമല്ല. കാരണം അവര്‍ക്ക് വളരാന്‍ കഴിയുന്ന മണ്ണ് എന്ന് പറയുന്നത് വര്‍ഗ്ഗീയമായ ചിന്തകള്‍ നിലനില്‍ക്കുന്ന മനസ്സുകള്‍ ഉള്ളിടത്ത് മാത്രമേ അവര്‍ക്ക് വളരാന്‍ കഴിയൂ. കേരളത്തില്‍ അങ്ങനെ വര്‍ഗ്ഗീയമായ മനസ്സ് ഇല്ല. അതില്ലാത്തതിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഇടതുപക്ഷം സൃഷ്ടിച്ചിട്ടുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷമാണ്. അതുകൊണ്ട് ഇടതുപക്ഷ മനസ്സുകളുടെ ഒരു കേന്ദ്രം എന്ന നിലയില്‍ ആണ് കേരളം പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുകാരനായ മനുഷ്യനാണെങ്കിലും അവന്റെ മനസ്സില്‍ ഒരു ഇടതുപക്ഷം ഉണ്ടാകും. കേരളത്തിലെ മലയാളിയുടെ മനസ്സില്‍ ഒരു ഇടതുപക്ഷം ഉണ്ട്. അതുകൊണ്ടാണ് ബിജെപിക്ക് കടന്നു വരാന്‍ കഴിയാത്തത്.

താങ്കള്‍ ഡിവൈഎഫ്‌ഐ മുന്‍കേന്ദ്ര കമ്മിറ്റി അംഗമാണ്. ഇപ്പോഴത്തെ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് നോക്കികാണുന്നത് ?

ഡിവൈഎഫ്‌ഐ എക്കാലത്തും കേരളത്തില്‍ ഒരു വൈബ്രന്റ് യൂത്തിന്റെ പ്രതിനിത്യമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഡിവൈഎഫ്‌ഐ ബാധിക്കുന്നുണ്ട്. പക്ഷെ പത്തു ചെറുപ്പക്കാരെയെടുത്താല്‍ ഇന്നും കേരളത്തില്‍ ഏഴുപേര്‍ ഡിവൈഎഫ്‌ഐയുടെ ഭാഗമാണ്. പുതിയ തലമുറയുടെ അരാഷ്ട്രീയവല്‍ക്കരണം സ്വാഭാവികമായും എല്ലാ യുവജന പ്രസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും അത് ബാധിക്കാതെ പരമാവധി സംരക്ഷിച്ചു നിര്‍ത്താന്‍ ഡിവൈഎഫ്‌ഐ പോലുള്ള യുവജന പ്രസ്ഥാനത്തിനും കഴിഞ്ഞിട്ടുണ്ട്. അത് കേരളത്തിന്റെ എല്ലാ മേഖലയിലും സമഗ്രമായ മേഖലയില്‍ ഇടപെടുന്ന ഒരു യുവജന പ്രസ്ഥാനം ഇപ്പോഴും ഡിവൈഎഫ്‌ഐ തന്നെയാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top