തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വിദേശ പര്യടനത്തില്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെയാണ് ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എംവി ഗോവിന്ദന് ഓസ്ട്രേലിയയില്‍ പോയത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര.
ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദന് പങ്കെടുക്കുന്നത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെന്, പെര്‍ത്ത് എന്നിവിടങ്ങിളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.