തിരുവനന്തപുരം: ഇപിയെ പാർട്ടി വിശ്വസിക്കുന്നുവെന്നും, പുറത്തുവന്ന കാര്യങ്ങള്‍ താന്‍ എഴുതിയതല്ലെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപിച്ചിട്ടില്ല. ഡിസി ബുക്സുമായി ഇ പി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആത്മകഥയെന്ന് പറഞ്ഞ് ഇപ്പോള്‍ പുറത്തുവന്ന 177 പേജിനെയും ഇപി ജയരാജന്‍ നിഷേധിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ലെന്നും, വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുകയാണെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
Also Read: ഹരിത കർമ്മ സേനയ്ക്ക് നിരക്ക് ഉയർത്താൻ അനുമതി
കരാര്‍ ഇല്ലാത്തിടത്തോളം ഇതെല്ലാം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നു വ്യക്തമാണ്. ആത്മകഥ എഴുതിപൂര്‍ത്തിയാക്കിട്ടില്ലെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസമാണ്. യാതൊരുവസ്തതയുമില്ലാതെ കള്ളം പ്രചരിപ്പിക്കുന്നവരായി മാധ്യമങ്ങള്‍ മാറുകയാണ്. രാഷ്ട്രീയക്കാരുടെ മതിപ്പ് കുറയ്ക്കാനാണ് മാധ്യമങ്ങള്‍ ഇതു ചെയ്യുന്നതെങ്കിലും ആത്യന്തികമായി മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ചോര്‍ന്നുപോകുകയെന്നും ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതിയെന്നും, ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കോ കിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.