ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ അടുത്തസുഹൃത്തായിരുന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വികാരഭരിതനായി അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. രോഗാവസ്ഥയിലായിരുന്ന യെച്ചൂരിയെ നിർബന്ധിച്ചാണ് ആശുപത്രിയിലേക്കയച്ചതെന്നും അന്നാണ് തങ്ങൾ അവസാനമായി കണ്ടതെന്നും ഡൽഹിയിൽ സി.പി.എം. സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണത്തിൽ രാഹുൽ പറഞ്ഞു.
‘‘അമ്മ സോണിയാഗാന്ധിയെ കാണാൻ കുറച്ചുദിവസംമുൻപ് യെച്ചൂരി വീട്ടിൽവന്നിരുന്നു. അന്നദ്ദേഹം വല്ലാതെ ചുമയ്ക്കുകയാണ്. എന്തുവന്നാലും ആശുപത്രിയിൽ പോകേണ്ടെന്ന നയമാണ് യെച്ചൂരിക്ക്. അതു തിരിച്ചറിഞ്ഞ്, വീട്ടിലേക്ക് തിരിച്ചുപോകേണ്ട നേരിട്ട് ആശുപത്രിയിലേക്ക് പോകാൻ ഞാനാണ് യെച്ചൂരിയോട് പറഞ്ഞത്. എന്റെ ജീവനക്കാരോട് യെച്ചൂരിയെ ആശുപത്രിയിലാക്കാൻ നിർദേശിച്ചപ്പോഴും ചിരിച്ചുകൊണ്ട് മാറിപ്പോകാനായിരുന്നു ശ്രമം. അന്നായിരുന്നു ഞാൻ എന്റെ സുഹൃത്തിനെ അവസാനമായി കണ്ടത്” രാഹുൽ ഗാന്ധി പറഞ്ഞു.
ALSO READ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
അദ്ദേഹം രാജ്യതാത്പര്യത്തിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ഇടതുപക്ഷത്തെ സഹോദരങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്ന മുഖവുരയോടെ, എല്ലായ്‌പ്പോഴും ഇന്ത്യയിൽനിന്നാണ് യെച്ചൂരി തുടങ്ങിയിരുന്നതെന്നും അതിനുശേഷമേ രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടായിരുന്നുള്ളൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.