തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ മേഖലയില്‍ രക്ഷാപ്രവര്‍ത്തക സംഘം എത്തി. ഇവിടെ ജീവനോടെ ആരെയും കണ്ടെത്തിയതായി സൂചന ഇല്ല. ഹെലികോപ്ടര്‍ കണ്ടെത്തി. അതേസമയം, പ്രസിഡന്റിനെ കുറിച്ചോ ഒപ്പമുള്ളവരെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹെലികോപ്ടര്‍ കാണാതായെന്ന് കരുതുന്ന സ്ഥലത്ത് താപനില കൂടിയ മേഖല തുര്‍ക്കിയയുടെ ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ദുര്‍ഘടമായ മലമ്പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുള്ള കാലാവസ്ഥയാണ്. തുര്‍ക്കിയ അയച്ച അകിന്‍സി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്. ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുള്ള ചൂടാണിതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തക സംഘം എത്തുകയായിരുന്നു.
ഇറാന്‍- അസര്‍ബൈജാന്‍ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരിച്ചുപോരും വഴിയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി പറഞ്ഞു. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.