മുംബൈ: ഒരു വ്യാഴവട്ടത്തിനു ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യ, ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ആശ്വാസ ജയം തേടി ഇതാ ഇറങ്ങുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് എന്നതിൽ സംശയമില്ല. വിഖ്യാതമായ ബോർഡർ-ഗവാസ്കർ ട്രോഫി തേടി ആസ്ട്രേലിയയിലേക്ക് പറക്കാനിരിക്കുന്ന ടീമിന് ഇനിയൊരു തോൽവി താങ്ങാൻ വയ്യ എന്നത് ഉറപ്പായ കാര്യമാണ്.
പരാജയത്തുടർച്ച ബാധിക്കുമെന്നതിനപ്പുറം ഒരു അഭിമാനപ്രശ്നം കൂടിയായാണ് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം. തീർച്ചയായും ദീവാലി മധുര ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ വിജയ ലഡ്ഡുവാണ്. സ്പിൻ മികവിൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ കിവികൾക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ച. നാലിൽ മൂന്ന് ഇന്നിങ്സുകളിലും ആതിഥേയർ പുറത്തായത് 300 റൺസ് പോലും തികക്കാനാവാതെ. അതിലൊന്നിൽ 46 റൺസെന്ന ചരിത്ര നാണക്കേടുമുണ്ട്. ബംഗളൂരുവിൽ പേസർമാരുടെ മികവിൽ കളംവാണ സന്ദർശകർ പുണെയിൽ രണ്ടര ദിവസംകൊണ്ട് ജയം പിടിച്ചത് മിച്ചൽ സാന്റ്നറെന്ന സ്പിന്നറെയിറക്കി.
Also Read : വിരാട് കോഹ്ലിക്ക് 21 കോടി; ഐപിഎല്ലില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന തുക
യഥാവിധി തഥൈവ!
രണ്ടാം ടെസ്റ്റിൽ കളിച്ച സ്പിന്നർ വാഷിങ്ടൺ സുന്ദറൊഴിച്ച് ഇന്ത്യൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബാറ്റിങ്ങിൽ അൽപമെങ്കിലും വിശ്വാസം കാത്തത് യശസ്വി ജയ്സ്വാൾ മാത്രം.അതേസമയം സർഫറാസ് ഖാനും വിരാട് കോഹ് ലിയും ഋഷഭ് പന്തും രോഹിത് ശർമയും ഓരോ ഇന്നിങ്സുകളിൽ പിടിച്ചുനിന്നു. സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജക്കും കാര്യമായൊന്നും ചെയ്യാനാവാതിരുന്നതും തോൽവികൾക്ക് കാരണമായി. പേസർമാരും യഥാവിധി തഥൈവ. രണ്ടാം ടെസ്റ്റിൽ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപിനെ ഇറക്കിയതും ഫലം ചെയ്തില്ല. മൂന്നാം മത്സരത്തിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകാൻ ഏറെ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സിറാജ് തിരിച്ചെത്തും.
Also Read : ഒളിച്ചു’നടത്തി ! സ്കൂൾ കായികമേളയിൽ ഷൂട്ടിങ്, ചെസ് മത്സരങ്ങൾ നടത്തിയത് രഹസ്യമായി
കളിക്കളത്തിലേക്ക് പേസർ ഹർഷിത് റാണയുടെ അരങ്ങേറ്റമുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കാര്യമായ പരീക്ഷണങ്ങൾക്ക് ടീം മുതിരില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം കിവി പേസ് ഡിപ്പാർട്മെന്റിൽ മാറ്റ് ഹെൻറി തിരിച്ചുവന്നാൽ വെറ്ററൻ ടിം സൗത്തി ബെഞ്ചിലിരുന്നേക്കും.