പൂച്ചാക്കല്‍: ഏഴുവര്‍ഷം മുന്‍പ് കാണാതായ 15 കാരനായ നിസാമുദീനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. പാണാവള്ളി പഞ്ചായത്ത് പതിനേഴാംവാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്തില്‍ താജുവിന്റെയും റൈഹാനത്തിന്റെയും മകന്‍ നിസാമുദ്ദീനെ 2017 ഏപ്രില്‍ ഒന്‍പതിനാണ് കാണാതായത്.
നിസാമുദ്ദീനെ തിരോധാനം സംബന്ധിച്ച് ഇതുവരെയുള്ള അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീനെ ഒടുവില്‍ക്കണ്ടപ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തി. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. അന്വേഷണവും പരിശോധനകളും വരുംദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പ്രദേശത്തെ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്ന് പോയ നിസാമുദ്ദീന്‍ തിരിച്ചെത്തിയിരുന്നില്ല. ബന്ധു കൂടിയായ കൂട്ടുകാരന്റെ പക്കല്‍ നിസാമുദ്ദീന്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ നിസാമുദ്ദീന്‍ ചെന്നിരുന്നതായും പറയുന്നു.
നിസാമുദ്ദീന്‍ ഏല്‍പ്പിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറിയിരുന്നു. ബയോമെട്രിക് ലോക്ക് സംവിധാനത്തിലുള്ള മൊബൈല്‍ ആയിരുന്നു ഇത്. പാണാവള്ളി എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. വീട്ടുകാര്‍ പോലീസിനു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുകയായിരുന്നു. വര്‍ഷമേറെ കഴിഞ്ഞിട്ടും നിസാമുദ്ദീന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് കുടുംബം. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണവും എങ്ങും എത്തിയില്ല.
കോടതി നിര്‍ദേശപ്രകാരം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്.പി. ജെ. ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചെങ്കിലും അതും ഫലം കണ്ടില്ല. ഏറെ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ മൊബൈല്‍ ഫോണ്‍ നിസാമുദ്ദീന്‍ ഉപേക്ഷിച്ചത് എന്തിനാണെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിസാമുദ്ദീന് ബെംഗളൂരു യാത്ര ഇഷ്ടമായിരുന്നതിനാല്‍ അവിടേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണസംഘം അവിടെ പോയിരുന്നു. മൂന്നാറിലും പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. കേസില്‍ 150 ഓളം പേരെ ചോദ്യം ചെയ്യുകയും 1500 പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പതിക്കുകയും ചെയ്തിരുന്നു.