സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം രണ്ടുദിവസം മുൻപാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കഴിഞ്ഞയുടൻ ചിത്രത്തിന്റെ ശബ്ദത്തെ പറ്റി നിരവധി പരാതികളാണ് ഉയർന്നത്. അസഹ്യമായ ശബ്ദമാണ് ചിത്രത്തിന് എന്നാണ് പൊതുവില്‍ ഉയര്‍ന്ന പരാതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം തീയറ്ററിലെ നോയിസ് ലെവല്‍ 105 ഡെസിബലിന് അടുത്താണ്. ഇതേത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് നിർമ്മാതാവ് കെ.ഇ.ജ്ഞാനവേൽ രാജ.
റിലീസ് ദിവസം അടക്കം ചിത്രം കണ്ടിറങ്ങിയവരില്‍ പലരും തലവേദന എന്ന പരാതി ഉന്നയിച്ചത് ഈ ശബ്ദ പ്രശ്നത്താല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പറയുന്നത്. വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിർമ്മാതാവിന്റെ നിർദേശം. തെലുങ്ക് ഓൺലൈൻ മാധ്യമമായ ആകാശവാണിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നും തന്നെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിർമാതാവ് പറഞ്ഞു.
Also Read: ‘അമരന്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ഉയർന്ന ശബ്ദവുമായി ബന്ധപ്പെട്ട് വിമർശനമുന്നയിച്ചിരുന്നു. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു മാധ്യമ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടി ഈ അഭിപ്രായം രേഖപ്പെടുത്തിയത്.