അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റം; ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു

അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റം; ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു
അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റം; ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിൻവലിച്ചു

ഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ലിന്റെ പുതുക്കിയ കരട് സർക്കാർ പിൻവലിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിൻവലിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരട് ബിൽ ​അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കനത്തവിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേ​ന്ദ്രം പിൻവലിച്ചത്. എന്നാൽ പിൻവലിച്ചതിനോട് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവന്നത്.

സംഘപരിവാറിനെയും മോദിസർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടു​കയാണ് ബില്ലി​ന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ പോർട്ടലുകൾ, വെബ്സൈറ്റുകൾ, യൂടൂബ്, ഇൻസ്റ്റഗ്രാം, എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കനത്ത നിയന്ത്രണങ്ങൾ വരുത്താനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. പൊതുജന അഭിപ്രായം രൂപീകരിക്കാൻ ​ബില്ലിന്റെ ആദ്യകരട് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിന്റെ നവീകരിച്ച പതിപ്പ് ജൂലൈയിൽ പുറത്തിറക്കിയെങ്കിലും വളരെ കുറഞ്ഞപേർക്കാണ് കേന്ദ്രം നൽകിയത്. പൊതുജനങ്ങൾക്ക് ഇനിയും നൽകിയിട്ടില്ല. നവീകരിച്ച ബില്ലിന്റെ കരട് ചോരാതിരിക്കാൻ പ്രത്യേക വാട്ടർമാർക്ക് ഇട്ടാണ് പലർക്കും നൽകിയത്. നവീകരിച്ച ഈ ബില്ലാണ്​ കേന്ദ്രം പിൻവലിച്ചത്.

നവംബറിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത് . ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ ഓൺലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലി​ലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യൂടൂബിലും സോഷ്യൽ മീഡിയകളിലും കണ്ടന്റ് നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ്’ എന്നാണ് പുതിയ ബില്ലിൽ നിർണയിച്ചിരിക്കുന്നത്. യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമാധ്യമപ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാൽ വിദ്വേഷ, വ്യാജ,വർഗീയ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂടൂബുക​ളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം.

Top