ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്റെ ഹര്‍ജിയില്‍ വിധി പറയുക. ജയില്‍വാസം തുടരുമോ ജയില്‍ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം അതി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാമ്യം ലഭിച്ചാല്‍ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊര്‍ജ്ജമാകും സമ്മാനിക്കുക.
ഏപ്രില്‍ മൂന്നാം തിയതിയാണ് കെജ്രിവാളിന്റെ ഹര്‍ജി വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാള്‍ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയില്‍ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളതെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.
അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എ എ പി തീരുമാനം. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലിക്കും ഉപവാസ സമരത്തിനും പിന്നാലെയാണ് ജയില്‍ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്. വോട്ടിലൂടെ ബി ജെ പിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം.