മലപ്പുറം: മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് (ക്യാമ്പ് ഓഫീസ്) മരം മുറിച്ചുവെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. മരം മുറിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുൾ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് പറഞ്ഞതായി ഫരീദ പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിക്കുന്ന മലപ്പുറം മുൻ എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സുജിത്ത് ദാസ് മലപ്പുറം എസ്‍പിയായിരുന്നപ്പോഴാണ് മരം മുറി നടന്നതെന്നാണ് ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഫരീദയുടെ നിര്‍ണായക വെളിപ്പെടുത്തൽ. മരം മുറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പിവി അന്‍വറിന്‍റെ ആവശ്യം. അതേസമയം, അപകടഭീഷണി ഉയര്‍ത്തി മരത്തിന്‍റെ ചില്ലകള്‍ മാത്രമാണ് മുറിച്ചു നീക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെയാണിപ്പോള്‍ അയല്‍വാസിയുടെ വെളിപ്പെടുത്തൽവരുന്നത്.
Also Read: അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ഷാഫി പറമ്പിൽ
വര്‍ഷങ്ങളായി മലപ്പുറം എസ്‍പിയുടെ ക്യാമ്പ് ഓഫീസിന് സമീപമാണ് താമസിക്കുന്നതെന്ന് ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വീടിന് ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അബ്ഗുള്‍ കരീമായിരുന്നു എസ്‍പി. അപ്പോള്‍ അപേക്ഷ നല്‍കിയിട്ടും മരം മുറിച്ചിരുന്നില്ല. അനുമതി കിട്ടാൻ ബുദ്ധിമുട്ടാണെന്നും റവന്യു, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്നുമാണ് അന്ന് പറഞ്ഞത്.പിന്നെ കുറെ കഴിഞ്ഞപ്പോള്‍ ഭീഷണിയായ മരത്തിന്‍റെ ചില്ല മാത്രം വെട്ടി തന്നു. അതിനുശേഷമാണ് സുജിത്ത് ദാസ് എസ്‍പിയായി വന്നത്.പിന്നീട് അപേക്ഷ നല്‍കിയിട്ടില്ല.
Also Read: അൻവറിൻ്റെ പരാതി അന്വേഷിക്കാൻ; നാളെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച
ഇതിനിടെയാണ് മരം മുറിക്കുന്നത്. മരം മുറിച്ച് അവിടെ ഇട്ടിരിക്കുകയായിരുന്നു. മരം മുറിച്ചശേഷം പൊലീസ് സെക്യൂരിറ്റി ഗാര്‍ഡാണ് എഴുതി ഒപ്പിട്ടു തരാൻ ആവശ്യപ്പെട്ടത്. വീടിന് അപകട ഭീഷണിയുള്ളതിനാലാണ് മരം മുറിച്ചതെന്ന് അപേക്ഷ നല്‍കാനാണ് പറഞ്ഞത്. സെപ്റ്റംബര്‍ 2023നാണെന്നാണ് അപേക്ഷ നല്‍കിയെതന്നാണ് ഓര്‍മ.പിന്നീടാണ് അനധികൃതമായാണ് മരം മുറിച്ചതെന്ന ആരോപണം ഉയര്‍ന്നതായി അറിഞ്ഞത്.അതിനുശേഷം അബ്ദുള്‍ കരീം സാര്‍ എസ്‍പിയായിരുന്നപ്പോള്‍ മുറിച്ചതാണെന്ന് പറയണമെന്ന് പറയാൻ പറഞ്ഞിരുന്നു. എന്നാല്‍, കരീം സാര്‍ ഉണ്ടായിരുന്നപ്പോള്‍ അപകടഭീഷണിയായ ചില്ല മാത്രമാണ് മുറിച്ചതെന്നും മരം മുറിച്ചിരുന്നില്ലെന്നും ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.