CMDRF

വിവാഹജീവിതത്തിലെ ക്രൂരത കണക്ക് പോലെ കൃത്യതയോടെ നിർവചിക്കാനാകില്ല- ഹൈക്കോടതി

വിവാഹജീവിതത്തിലെ ക്രൂരത കണക്ക് പോലെ കൃത്യതയോടെ നിർവചിക്കാനാകില്ല- ഹൈക്കോടതി
വിവാഹജീവിതത്തിലെ ക്രൂരത കണക്ക് പോലെ കൃത്യതയോടെ നിർവചിക്കാനാകില്ല- ഹൈക്കോടതി

കൊച്ചി: ഓരോരുത്തരുടെയും വൈവാഹിക ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിർവചിക്കാനാകില്ല എന്നും സ്‌നേഹരഹിതമായി ഒരു കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി. 14 വർഷമായി ഭർത്താവിൽനിന്നും വേർപിരിഞ്ഞു കഴിയുന്ന ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ നിരീക്ഷണം. വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ തുടർന്ന് നൽകിയ അപ്പീലിലാണ് രണ്ട് അംഗ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

2001-ൽ 17-ാമത്തെ വയസ്സിൽ ഹർജിക്കാരിയായ യുവതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മാവേലിക്കര സ്വദേശിയോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണ്. പിന്നീട് ഇയാൾ ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുകയും ഹർജിക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിൽ ഒരു കുട്ടിയും ഉണ്ടായി. എന്നാൽ, മദ്യപനും മറ്റ് സ്ത്രീകളുമായി നിരന്തരം ബന്ധങ്ങളും ഉണ്ടായിരുന്ന ഭർത്താവ് ഹർജിക്കാരിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. 2010-ൽ വലിയ തോതിൽ ശാരീരിക ഉപദ്രവം ഏല്പിച്ചതോടെ ഹർജിക്കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് വിവാഹമോചന ഹർജി ഫയൽ ചെയ്‌തെങ്കിലും കുടുംബജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന അസ്വാരസ്യത്തിനപ്പുറം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടാനില്ലെന്ന് വിലയിരുത്തി കുടുംബക്കോടതി യുവതിയുടെ ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

തനിക്ക് തോന്നിയപോലെ ജീവിതം നയിക്കുന്ന മദ്യപനായ ഭർത്താവിൽനിന്ന് നേരിടുന്ന ഓരോ പ്രശ്‌നവും അക്കമിട്ട് വിശദീകരിക്കാനാകില്ലെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു. തന്നെ ഭാര്യയാണ് ഉപേക്ഷിച്ചതെന്ന എതിർകക്ഷിയുടെ വാദമൊന്നും കണക്കിലെടുക്കാനാകില്ല എന്നും, യുവതിക്ക് സഹിക്കാൻ കഴിയാത്ത സമ്മർദത്തിൽനിന്ന് മോചനം വേണ്ടതുണ്ട് എന്നും കോടതി വിലയിരുത്തി.യുവതിയും ഭർത്താവും 14 വർഷമായി വേർപിരിഞ്ഞ് താമസിക്കുന്നു. ഇതിനിടയിൽ ഒരിക്കലും ഒന്നിച്ചുജീവിക്കാം എന്നു പറഞ്ഞ് ഭർത്താവ് എത്തിയിട്ടില്ല, എന്ന് യുവതി ഹർജിയിൽ പറഞ്ഞു. തന്റെ ആഗ്രഹത്തിനു വിരുദ്ധമായി ഒരു സ്ത്രീയോട് വിവാഹ ജീവിതം തുടരാൻ നിർദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Top