മുംബൈ: റോഡരികിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പണമടക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തടഞ്ഞ ജീവനക്കാനോട് ക്രൂരത. ഹോട്ടല്‍ ജീവനക്കാരനെ കാറില്‍ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചായിരുന്നു ഈ നീച പ്രവർത്തി. കൂടാതെ രാത്രി മുഴുവന്‍ ബന്ദിയാക്കിവെക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ശനിയാഴ്ചയാണ് ഈ സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ALSO READ: ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്തെ 510 പമ്പുകൾക്കെതിരെ കേസ്
ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം മൂന്നംഗ സംഘമാണ് ബില്ലടയ്ക്കാതെ മുങ്ങിയത്. ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തശേഷമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ശേഷം മൂന്നുപേരും പണം നല്‍കാതെ കാറിനടുത്തേക്ക് മടങ്ങി. ബില്ലടക്കാന്‍ വെയ്റ്ററോട് ക്യു.ആര്‍ കോഡ് ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചെത്തിയ വെയ്റ്ററോട് ഇവര്‍ തര്‍ക്കിച്ചു. ഈ സമയം രണ്ടുപേര്‍ കാറിനകത്തും മറ്റൊരാള്‍ പുറത്തുമായിരുന്നു. തുടർന്ന് പുറത്തുണ്ടായിരുന്ന ആള്‍ കാറില്‍ ഓടിക്കയറുകയും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.
വെയ്റ്റര്‍ കാറിന്റെ ഡോര്‍ തുറന്ന് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . കാര്‍ മുന്നോട്ട് എടുക്കുകയും വെയ്റ്റര്‍ ഡോറില്‍ തൂങ്ങി നിൽക്കുകയും ചെയ്തു. ഒരു കിലോമീറ്ററോളം ജീവനക്കാരനെ റോഡിലൂടെ വലിച്ചിഴച്ചു. പിന്നാലെ വെയ്റ്ററെ രാത്രിമുഴുവന്‍ ബന്ദിയാക്കിവെച്ചെന്നാണ് പോലീസ് റിപ്പോർട്ട്. ഇത് കൂടാതെ പണം മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തദിവസം രാവിലെയാണ് ഇയാളെ പുറത്തുവിട്ടത്.