കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോട് എതിർപ്പും വിദ്വേഷവും പാരമ്പര്യമായി തുടർന്ന് പോരുന്ന രാജ്യമാണ് അമേരിക്ക. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അംഗീകരിക്കാത്ത സ്വേച്ഛാധിപതിയായ അമേരിക്കയുടെ ഉപരോധത്തിൻ കീഴിലുള്ള രാജ്യമാണ് ക്യൂബ. 1958 മുതൽ അമേരിക്ക തുടങ്ങിയ ക്യൂബൻ ഉപരോധം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന. വ്യാപാരപരമായും, സാമ്പത്തികപരമായും ക്യൂബയെ തകർക്കാൻ അമേരിക്ക നടത്തുന്ന ശ്രമം നാളിന്നും തുടരുകയാണ്. എന്നാൽ അമേരിക്കയുടെ ആ സ്വപ്നം സഫലമാകുമോ എന്നത് സംശയമാണ്. ലോകത്തിന്റെ പല കോണുകളിൽ നിന്നും അമേരിക്കയുടെ ഈ ഉപരോധത്തിന് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പതിവുപോലെ അമേരിയ്ക്കക്ക് യാതൊരു അനക്കവും തട്ടിയിട്ടില്ല.
ആറ് പതിറ്റാണ്ടായി തുടരുന്ന ഉപരോധത്തിനെതിരെ ഉയർന്ന പ്രമേയത്തിൽ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട് ചെയ്‌തപ്പോൾ, അമേരിക്കയും ഉറ്റ സുഹൃത്തായ ഇസ്രയേലും മാത്രമാണ് അനുകൂലിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് ഏത് അറ്റം വരെ പോയാലും അനുകൂലിച്ച് കൂടെ നിൽക്കുകയും അതേസമയം, ലോകരാജ്യങ്ങൾ എതിർപ്പുമായി വരുമ്പോൾ മാത്രം ഇസ്രയേലിനോട് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പിനൊപ്പ൦ ഇസ്രയേൽ മാത്രമാണ് നിലവിൽ ഉറച്ചു നിൽക്കുന്നത്.
Also Read: അമേരിക്കയുടെ തലപ്പത്ത് കമല എത്തിയാല്‍ ഗുണം ഇന്ത്യയ്‌ക്കോ?
ക്യൂബക്കെതിരായ അമേരിക്കൻ നിലപാടിൽ, ഒപ്പമുള്ള ഒരേയൊരു സഖ്യകക്ഷിയും ഇസ്രയേൽ മാത്രമാണ്. ശക്തമായ സമ്മർദമുണ്ടായിട്ടും ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കൻ നിലപാടിനെ പിന്തുണച്ചിട്ടില്ല. ക്യൂബ അവതരിപ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം തന്നെ യുഎൻ പ്രതിനിധിസഭ തള്ളിക്കളഞ്ഞിട്ടുണ്ട്.
ക്യൂബയോടുള്ള അമേരിക്കയുടെ നിലപാട് വർഷങ്ങളായി വിദ്വേഷമുണർത്തുന്ന രീതിയിലുള്ളതാണ്. അമേരിക്കൻ ഉപരോധത്തെ, ‘ലോകസമാധാനത്തിന് വിഘാതമായ സാമ്പത്തിക യുദ്ധ’മെന്നാണ് ” വോട്ടെടുപ്പിന് മുൻപായി ഐക്യരാഷ്‌ട്ര സഭയിൽ സംസാരിക്കവേ ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വിശേഷിപ്പിച്ചത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം മുതൽ, ക്യൂബയോട് കടുത്ത നിഷേധാത്മക സമീപനമാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്‌ടിക്കാനാണ് അമേരിക്ക ഇപ്പോഴും ശ്രമിക്കുന്നത്.
Also Read: സമാധാന കരാറിന് സ്ഥിരത വേണമെങ്കിൽ റഷ്യ വേണമെന്ന് ഇസ്രയേൽ, അമേരിക്കയെ കൊണ്ട് സാധിക്കില്ല !
2014-ൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ ക്യൂബയുമായി ഉണ്ടാക്കിയ കരാറുകൾ ഡൊണാൾഡ് ട്രംപ് റദ്ദ് ചെയ്തിരുന്നു. ഒബാമയുടെ നയം ഏകപക്ഷീയമാണെന്നായിരുന്നു ട്രംപിന്റെ വാദം. അമേരിക്കയ്ക്ക് ക്യൂബയോടുള്ള ഉപരോധത്തിൽ അസംതൃപ്തി പലയിടത്തുനിന്നും പ്രകടമായിരുന്നു. അമേരിക്കയുടെ എതിർപ്പിനിടയിലാണ് യൂറോപ്യൻ യൂണിയൻ ക്യൂബയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. 2030 നകം ക്യൂബയുമായി വ്യാപാരബന്ധം വർധിപ്പിക്കാമെന്നും യൂറോപ്യൻ യൂണിയൻ ഉറപ്പു നൽകിയിരുന്നു.
മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോടുള്ള എതിർപ്പ് തന്നെയാണ് അമേരിക്കയ്ക്ക് ക്യൂബയുടെ മേലുമുള്ളത്. 1959ൽ, അമേരിക്കൻ പിന്തുണയോടെ ഭരണം നടത്തിയ, ഏകാധിപതിയായ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ , സായുധ വിപ്ലവത്തിലൂടെ പുറത്താക്കിയാണ്, ഫിഡൽ കാസ്‌ട്രോയും ചെഗുവേരയും ക്യൂബയെ സ്വതന്ത്രമാക്കിയിരുന്നത്. കോളനി ഭരണം നടത്തി മത്തുപിടിച്ച അമേരിക്കയെ സംബന്ധിച്ച്, അതൊരു വല്ലാത്ത തിരിച്ചടിയായിരുന്നു.
അമേരിക്കയുടെ മൂക്കിന് തൊട്ടു താഴെയുള്ള ഒരു രാജ്യം കമ്യൂണിസ്റ്റ് രാജ്യമായി മാറുന്നത്, അവർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. കമ്യൂണിസ്റ്റ് ക്യൂബയിൽ, കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ സ്വാധീനം വർദ്ധിച്ചതും, അമേരിക്കയുടെ ഉറക്കം കെടുത്തി. അങ്ങനെയാണ് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ് കെന്നഡി , 1962 ഫെബ്രുവരിയിൽ ആദ്യമായി ക്യൂബയ്ക്ക് നേരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
Also Read: ട്രംപിനെ തളയ്ക്കാൻ കിടിലന്‍ പദ്ധതിയുമായി കമല
ക്യൂബയിലെ കമ്മ്യൂണിസത്തെ തകർക്കാൻ, പഠിച്ച പണി പതിനെട്ടും അമേരിക്ക പയറ്റുകയുണ്ടായി. ഇപ്പോൾ വീഴും എന്ന് ലോക രാജ്യങ്ങൾ വിലയിരുത്തിയ, കരീബിയൻ മേഖലയിലെ കൊച്ചു ദ്വീപ് രാഷ്ട്രമായ ക്യൂബ പക്ഷേ, എല്ലാവരെയും ഞെട്ടിച്ച് പിടിച്ചു നിൽക്കുകയാണ് ഉണ്ടായത്. കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം, അമേരിക്കൻ സൈനികരുടെ ശവപറമ്പായി മാറിയ അനുഭവം ഉള്ളതിനാലും, മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇടപെടുമെന്ന ഭീതിയിലുമാണ്, സൈനികമായ ഒരു ഇടപെടലിന് അമേരിക്ക മുതിരാതിരുന്നിരുന്നത്.
അമേരിക്കൻ നയങ്ങളെ പാടെ എതിർത്തുകൊണ്ടാണ്, അന്നും ഇന്നും ക്യൂബ മുന്നോട്ട് പോകുന്നത്. സാമ്രജ്യത്ത ശക്തികൾക്കെതിരെ, ഗറില്ലാ യുദ്ധം നടത്തിയ ചെഗുവേരയെ, ഏറ്റുമുട്ടലിലൂടെയാണ് അമേരിക്കൻ സൈന്യം വധിച്ചിരുന്നത്. ഇന്നും ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ആവേശമായാണ് ചെഗുവേര നില കൊള്ളുന്നത്.
ചെഗുവേരയ്ക്ക് പിന്നാലെ, ഫിദല്‍ കാസ്ട്രോ ആയിരുന്നു അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി, 634 തവണയാണ് കാസ്ട്രോയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അതിനെയെല്പാം അദ്ദേഹം അതിജീവിക്കുകയുണ്ടായി. ഇക്കാരുത്തിൽ, സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും ക്യൂബയ്ക്ക് നൽകിയ സംരക്ഷണവും, എടുത്തു പറയേണ്ടതാണ്.അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ, റഷ്യ ക്യൂബയില്‍ മിസൈല്‍ താവളങ്ങളും പണിതിട്ടുണ്ട്.
2014-15 കാലഘട്ടത്തിൽ ബറാക്ക് ഒബാമ ക്യൂബയുമായുള്ള ഉപരോധം മയപ്പെടുത്താൻ നടത്തിയ ശ്രമമൊഴിച്ചാൽ, പിന്നീട് ഉണ്ടായതെല്ലാം തന്നെ, അമേരിക്കയുടെ പതിവ് പിടിവാശികൾ തന്നെയാണ്. ഒബാമ അന്നു നടത്തിയ ബന്ധം പുതുക്കലാണ് 2017ൽ ഡൊണാൾഡ് ട്രംപ് പിന്നോട്ടെടുത്തത്. മുഴുവൻ രാഷ്‌ട്രീയ തടവുകാരെയും വിട്ടയയ്ക്കുന്നതു വരെ ഉപരോധം തുടരുമെന്നായിരുന്നു ട്രംപിന്റെ വാദം. ഒബാമ കൊണ്ടുവന്ന ഇളവുകൾ കർശനമാക്കി എന്നുമാത്രമല്ല, ക്യൂബയെ വീണ്ടും ‘അന്താരാഷ്ട്ര ഭീകരവാദത്തിന്റെ സ്പോൺസർമാർ’ എന്ന പട്ടികയിലും ട്രംപ് ഉൾപ്പെടുത്തി. സാമ്പത്തികമായാണ് അമേരിക്ക പ്രധാനമായും ക്യൂബയ്ക്കെതിരെ കരുക്കൾ നീക്കിയതെങ്കിലും, അതിലൊന്നും തന്നെ ക്യൂബയെ വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. ലോകശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയെ ഒറ്റയ്ക്ക് നേരിടാൻ തുനിഞ്ഞിറങ്ങിയ ക്യൂബയ്ക്ക് , പിന്തുണയുമായി പല രാജ്യങ്ങളും രംഗത്ത് വന്നതും, അമേരിക്കയ്ക്ക് വൻ തിരിച്ചടിയായിരുന്നു.
ഇപ്പോൾ റഷ്യക്കും ഉത്തര കൊറിയക്കും ഇറാനും എതിരെ ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക, ഓർക്കേണ്ടതും, ഉപരോധത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന ക്യൂബയുടെ ചരിത്രമാണ്. പഴയ കാലത്ത് നടക്കാത്തത്, പുതിയ കാലത്ത് നടപ്പാക്കാമെന്നത് തന്നെ, അതിരുവിട്ട ആഗ്രഹമാണ്.
Also Read: ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍
റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച്, വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും പുതുതായി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെ 15 കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ് തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്കും , അമേരിക്ക ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. രണ്ടരവർഷത്തോളമായി തുടരുന്ന റഷ്യ , യുക്രൈൻ യുദ്ധത്തിൽ, അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് നല്‍കിയതിനാണ്, ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്നാണ്, അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചിരിക്കുന്നത്.
Also Read: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ‘ഉപരോധ നയം’ ആയുധമാക്കുന്ന അമേരിക്ക
‘യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ, ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരുമെന്നും, ‘ അമേരിക്ക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രകോപനം തന്നെയാണിത്. ഇതിനെ എങ്ങനെയാണ്, റഷ്യൻ ചേരി നേരിടാൻ പോകുന്നത് എന്നതാണ്, ലോകം ഇനി കാണാനിരിക്കുന്നത്. ബ്രിക്സ് കൂട്ടായ്മ ഒരു തുടക്കമാണ്. അമേരിക്കൻ സഖ്യത്തിന് ബദലായ സാമ്പത്തിക ശക്തിയായി, ഇതിനകം തന്നെ ബ്രിക്സ് മാറിക്കഴിഞ്ഞു. അധികം താമസിയാതെ, അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയ്ക്ക് ബദലും സംഘടിപ്പിക്കപ്പെടും. അതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. റഷ്യയും ഇറാനും, ഉത്തര കൊറിയയും, ചൈനയും ഉൾപ്പെട്ട ഒരു സൈനിക ബദൽ , അമേരിക്കൻ ചേരിയുടെ അപ്രമാധിത്യമാണ് അവസാനിപ്പിക്കാൻ പോകുന്നത്. അതിന് ഇനി അധികം താമസവും വേണ്ടിവരില്ല.
Anuranjana Krishna
വിഡിയോ കാണാം..