സൈബര്‍ ആക്രമണങ്ങളില്‍ പരാതി നല്‍കി ബാലതാരം ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബര്‍ പോലീസിന് ദേവനന്ദയുടെ അച്ഛന്‍ ജിബിന്‍ പരാതി നല്‍കി. പരാതിയുടെ പൂര്‍ണരൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഒരുഭാഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും മോശം പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു
പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടില്‍ വെച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും, മോശം പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.”, ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പോലീസില്‍ നല്‍കിയ പരാതിയുടെ പൂര്‍ണരൂപം
”ബഹുമാനപ്പെട്ട SHO മുന്‍പാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിന്‍ ബോധിപ്പിക്കുന്ന പരാതി,
എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത അഭിമുഖത്തില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ ഫെയ്‌സ്ബുക്ക് / യൂട്യൂബ് / ഇന്‍സ്റ്റഗ്രാം ചാനലുകളിലും/ പേജുകളിലും, മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇവരുടെ ഈ പ്രവര്‍ത്തി കൊണ്ട് എന്റെ 10 വയസ്സുള്ള മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനഃപൂര്‍വം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈല്‍ ഡീറ്റെയില്‍സ് അടുത്ത പേജില്‍ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ ജിബിന്‍.”