പാരിസ്: പാരിസ് ഒളിംപിക്‌സിനിടെ ലിംഗവിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫിന് കടുത്ത സൈബര്‍ ആക്രമണം നേരിട്ടു. എന്നാല്‍ ബോക്‌സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയെടുത്ത് ഇമാന്‍ എല്ലാ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി. പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങിയതിന് പിന്നാലെ, തനിക്ക് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇമാന്‍.
ടെസ്ല സിഇഒയും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌ക്, പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൗളിങ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഇമാന്‍ കേസ് നല്‍കിയത്. വെള്ളിയാഴ്ചയാണ് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിന് ഇമാന്‍ പരാതി നല്‍കിയത്. ഇമാനെ അധിക്ഷേപിച്ച് അമേരിക്കന്‍ നീന്തല്‍ താരം റൈലി ഗെയ്ന്‍സിന്റെ പോസ്റ്റ് ഇലോണ്‍ മസ്‌ക് ഷെയര്‍ ചെയ്തിരുന്നു. ജെ കെ റൗളിങ്ങും അള്‍ജീരിയന്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാന്‍ ഇമാന്‍ തീരുമാനിച്ചത്.
പാരിസ് ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് മത്സരത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഇമാനില്‍ നിന്ന് മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്ന് 46 സെക്കന്റില്‍ ഇറ്റാലിയന്‍ താരം ഏഞ്ചല കരീനി മത്സരത്തില്‍ നിന്ന് പിന്മാറി. ഇതിനുപിന്നാലെ ഇമാന്‍ ഖലിഫ് പുരുഷനാണെന്ന് ആരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റും താരത്തെ അധിക്ഷേപിച്ചത്. പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് ഒളിംപിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തു.
ബോക്‌സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഇമാന്‍ എല്ലാ വിവാദങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടി നല്‍കിയത്. 66 കിലോ വിഭാഗം ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു ഇമാന്റെ വിജയം. ഇതോടെ ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ അള്‍ജീരിയന്‍ വനിതയെന്ന ചരിത്രനേട്ടവും ഇമാന്‍ സ്വന്തമാക്കിയിരുന്നു. സ്ത്രീയായി ജനിച്ച് സ്ത്രീയായി ജീവിച്ചയാളാണ് താനെന്നായിരുന്നു മത്സര ശേഷം ഇമാന്‍ പ്രതികരിച്ചത്.