CMDRF

സൈബർ തട്ടിപ്പ്: ടെക്നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

സൈബർ തട്ടിപ്പ്: ടെക്നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ
സൈബർ തട്ടിപ്പ്: ടെക്നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം: സൈബർ തട്ടിപ്പിൽ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി മുൻപാകെ ഹാജരാകണമെന്നും കാട്ടി മുപ്പത്തിയെട്ടുകാരിയായ ടെക്കിക്ക് ഇ-മെയിൽ വന്നതോടെയാണ് തട്ടിപ്പിനു തുടക്കം. തൊട്ടുപിന്നാലെ ഹൈക്കോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയിൽ ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞു.

എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്ത്രീ അറിയിച്ചു. ഇതോടെ കേസ് രജിസ്റ്റർ ചെയ്തതു സംബന്ധിച്ച് എഫ്‌ഐആർ ഉൾപ്പെടെ രേഖകൾ ഇ-മെയിലിൽ തന്നെ അയച്ചു നൽകി. ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നൽകിയാൽ നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഇയാൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നൽകിയതോടെ ജഡ്ജിമാർ വഴങ്ങുന്നില്ലെന്നു പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇത്തരത്തിൽ പല തവണയായി 14 ലക്ഷം രൂപ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി സുഹൃത്തിനോട് കാര്യം പറഞ്ഞു. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകാൻ വൈകിയതു മൂലം തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

Top