മുംബൈ: അഭിഭാഷകയെ വീഡിയോ കോളിൽ നഗ്നയാക്കി സൈബർ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളിൽ നഗ്നയാക്കിയത്. പിന്നാലെ അൻപതിനായിരം രൂപയും ഓൺലൈൻ വഴി തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ 36-കാരിക്കാണ് സൈബർ തട്ടിപ്പുകാരുടെ കെണിയിൽവീണ് പണം നഷ്ടമായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിഭാഷക ഷോപ്പിങ് മാളിലായിരിക്കെയാണ് ‘ട്രായി’ൽനിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺകോൾ വന്നത്. താങ്കളുടെ പേരിലുള്ള സിംകാർഡും നമ്പറും ഒരു കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സിംകാർഡ് ഉടൻ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോൺസന്ദേശം. സിംകാർഡ് ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കിൽ പോലീസിൽനിന്ന് ‘ക്ലിയറൻസ്’ വാങ്ങണമെന്നും തട്ടിപ്പുകാർ പറഞ്ഞു.
Also Read: റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു
തുടർന്ന് അന്ധേരി സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് ഫോൺ കൈമാറി. ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണക്കേസിൽ അഭിഭാഷകയ്‌ക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. നടപടികളുടെ ഭാഗമായി വീഡിയോകോളിൽ വരാനും സ്വകാര്യപരിശോധനയ്ക്കായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനിൽക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഭയന്നുപോയ പരാതിക്കാരി സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. പിന്നാലെ വീഡിയോകോളിൽ തട്ടിപ്പുസംഘം വീണ്ടും വിളിച്ചു. സ്വകാര്യപരിശോധനയ്ക്കായി വസ്ത്രം അഴിക്കണമെന്നായിരുന്നു ഇത്തവണത്തെ ആവശ്യം.
ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനും കേസ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ശരീരത്തിലെ അടയാളങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുമാണ് നഗ്നയാക്കുന്നതെന്നായിരുന്നു വിശദീകരണം. വനിതാ ഓഫീസറാകും വീഡിയോകോളിൽ പരിശോധന നടത്തുകയെന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിയാണെന്ന് വിശ്വസിച്ച അഭിഭാഷക തട്ടിപ്പുകാരുടെ നിർദേശമനുസരിച്ച് വീഡിയോകോളിൽ വിവസ്ത്രയായി. എന്നാൽ, തട്ടിപ്പുസംഘം ഇതിനിടെ വസ്ത്രം മാറുന്നതിന്റെ മുഴുവൻദൃശ്യങ്ങളും റെക്കോർഡ് ചെയ്തിരുന്നു.
Also Read: നടി കസ്തൂരി 29 വരെ റിമാൻഡ് ചെയ്തു
പിന്നാലെ കേസിൽനിന്ന് ഒഴിവാക്കാനായി 50,000 രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുസംഘം നിർദേശിച്ചു. സംഭവത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തരുതെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, തൊട്ടുപിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകി കൂടുതൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങളെത്തി. ഇതോടെയാണ് തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. തുടർന്ന് യുവതി ഭർത്താവിനോട് സംഭവം വെളിപ്പെടുത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങൾക്കായി ബാങ്കിന്റെ നോഡൽ ഓഫീസറെ പോലീസ് സമീപിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് മരവിപ്പിക്കാനും നിർദേശം നൽകി. സംഭവത്തിൽ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.