റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം

റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം
റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം

ഗുവാഹത്തി: കനത്ത നാശനഷ്ടം വിതച്ച റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം. മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും, വീടിന് മുകളില്‍ മരം വീണ് വയോധികയും മരിച്ചു. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സതേണ്‍, ഈസ്റ്റേണ്‍ റെയില്‍വേയുടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. അതിശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ അസമിലെ പല ജില്ലകളും അതീവ ജാഗ്രതയിലാണ്. സുരക്ഷാ നടപടികള്‍ പാലിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രയോജനപ്പെടുത്താനും ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതം മൂലമുള്ള നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

അസമിലെ ചിരാംഗ്, ഗോള്‍പര, ബക്സ, ദിമ ഹസാവോ, കച്ചാര്‍, ഹൈലകണ്ടി, കരിംഗഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ധുബ്രി, സൗത്ത് സല്‍മാര, ബോംഗൈഗാവ്, ബജാലി, താമുല്‍പൂര്‍, ബാര്‍പേട്ട, നല്‍ബാരി, മോറിഗാവ്, നാഗോണ്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ അസമിലും മേഘാലയയിലും ഇന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉല്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത് നിര്‍ദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

Top