തെക്കുകിഴക്കൻ ഏഷ്യയെ തകർത്തും ജനജീവിതം ദുരിതത്തിലാഴ്ത്തിയും ‘യാഗി’ ചുഴലിക്കാറ്റ്. ഏഷ്യൻ ഭൂഖണ്ഡത്തിൽ ഈ വർഷം വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായാണ് ‘യാഗി’. ഫിലിപ്പൈൻസ്, ചൈന, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
സെപ്റ്റംബർ ഒന്നിന് ചെറിയ ചുഴലിക്കാറ്റായി തുടങ്ങിയ ‘യാഗി’ ഫിലിപ്പൈൻസിലാണ് ആദ്യം ആഞ്ഞടിച്ചത്. ശേഷം തീവ്രത കുറഞ്ഞെങ്കിലും, മണിക്കൂറുകൾക്ക് ശേഷം 260 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റഗറി 5ൽ പെടുന്ന അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇത് നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയാണ് ബാധിച്ചത്. ഇതിൽ വിറ്റ്നാമിലും മ്യാന്മറിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് . സ്ഥിതി അതീവ ഗുരുതരമായ വിയറ്റ്നാമിൽ മാത്രം 250ഓളം ആളുകളാണ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപൊക്കത്തിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചത്. 800ഓളം പേരെ കാണാതാവുകയും ചെയ്തു. നിരവധി ആളുകൾ വീടും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ട് നിലവിൽ ക്യാമ്പുകളിലാണ്.
മ്യാന്മറിലും ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യതലസ്ഥാനം അടക്കം പൂർണമായും മുങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 80 പേർ മരിച്ചതായും, അത്ര തന്നെ ആളുകളെ കാണാതായതയുമാണ് റിപ്പോർട്ട്. ഏകദേശം 65,000ത്തോളം വീടുകളും അഞ്ച് ഡാമുകളും 24 പാലങ്ങളും തകർന്നു. 2,40,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മലയോര മേഖലകളിൽ തുടരെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.