പൂനൈ: ദുബായിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാനൊരുങ്ങി പൂനൈ അന്താരാഷ്ട്ര വിമാനത്താവളം. 2024 ഒക്ടോബർ 27 മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണ ബാങ്കോക്കിലേക്കും സർവീസ് ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പുനൈയിലെ ജനങ്ങളും പശ്ചിമ മഹാരാഷ്ട്രയിലെ ജനങ്ങളും അവരുടെ അന്താരാഷ്‌ട്ര യാത്രക്കായി മെച്ചപ്പെട്ട ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു.
ഇത് പൂനൈയുടെയും പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ചുറ്റുമുള്ള പ്രദേശങ്ങളുടേയും അന്തർദേശീയ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ദുബായിയുടെ ആഗോള ഹബ്ബ് എന്ന പദവി കണക്കിലെടുത്ത് ദിവസേനയുള്ള പുനൈ-ദുബായി വിമാനം ധാരാളം യാത്രക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികളെയും. ഇത് മുംബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഒരു വ്യവസായ അനലിസ്റ്റ് പറഞ്ഞു.