അന്‍പതാം പിറന്നാള്‍ നിറവില്‍ ദളപതി വിജയ്

അന്‍പതാം പിറന്നാള്‍ നിറവില്‍ ദളപതി വിജയ്

മിഴകത്തിന്റെ ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്‍മദിനം. 1984 ല്‍ ‘വെട്രി’ എന്ന തമിഴ് ചിത്രത്തിലൂടെ ബാല താരമായി അഭിനയജീവിതം ആരംഭിച്ച വിജയ് ഇതിനകം തന്നെ തമിഴ് സിനിമ ലോകത്തെ ഏറ്റവും വിലയേറിയ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ താരമൂല്യവും, അഭിനയജീവിതത്തിലെ മികവും തെളിയിക്കുന്നതാണ് തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഭലമായ 500 രൂപയില്‍ നിന്നും, 250 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന തലത്തിലേക്കുയര്‍ന്ന സിനിമ ജീവിതം. ഏറ്റവും പുതിയതായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം ‘ദ ഗോട്ടിന്’ വിജയ് വാങ്ങുന്ന പ്രതിഫലം ഇതിനകം തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2015ലെ പുലി എന്ന ചിത്രത്തിന് ശേഷം ബോക്‌സോഫീസില്‍ പരാജയം എന്തെന്ന് അറിയാത്ത താരമാണ് വിജയ്. ദ ഗോട്ടില്‍ വിജയ് 200 കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായാണ് വിവരം. അതേ സമയം തന്നെ വിജയ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസാന ചിത്രം ‘ദളപതി 69 ‘ന് പ്രതിഫലം 250 കോടിയായി ഉയര്‍ന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിനയജീവിതത്തില്‍ തിളങ്ങിനിന്ന അദ്ദേഹത്ത ഇളയദളപതി എന്ന വിശേഷണം നല്‍കി നെഞ്ചിലേറ്റിയത് തെന്നിന്ത്യന്‍ ആരാധക വൃത്തമാണ്. തന്റെ അഭിനയജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം ‘തമിഴ് വെട്രി കഴകം’ എന്ന സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് പൂര്‍ണ സമയം രാഷ്ട്രീയത്തിലിറങ്ങുമെന്നും അതോടൊപ്പം വ്യക്തമാക്കിയിരുന്നു. തന്റെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറക്കിവിട്ട് അടിത്തറ ഒരുക്കിയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ അദ്ദേഹം നേടിയെടുത്തു . 169 അംഗങ്ങള്‍ മത്സരിച്ചതില്‍ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. മഴയിലും പ്രളയത്തിലും വിജയ് ആരാധകര്‍ തമിഴ് ജനതയുടെ ഇടയിലേക്ക് നേരിട്ടിറങ്ങുക മാത്രമല്ല, ഇളയദളപതി വിജയ് തന്നെ നേരിട്ടെത്തി പ്രളയദുരിത ബാധിതരെ ഒപ്പം ചേര്‍ത്തുപിടിച്ചിരുന്നു. കാലങ്ങളായുള്ള നിരീക്ഷണവും അനുഭവങ്ങളും കണ്ടും, പടിച്ചുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പ്. ലോക്സഭാ തിരഞ്ഞെടുപ്പല്ല, അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് അദ്ദേഹത്തിന്റെ ഉന്നം. ഇതിനകം അരക്കോടിയോളം പേര്‍ വിജയിയുടെ പാര്‍ട്ടിയില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് അവകാശവാദം. മുഴുവന്‍ സീറ്റിലും മത്സരിച്ച് , കന്നി മത്സരത്തില്‍ തന്നെ, ഒറ്റയടിക്ക് ഭരണം പിടിക്കുക എന്നതാണ്, വിജയ് ലക്ഷ്യമിടുന്നത്.

സൂപ്പര്‍ താര പദവിയില്‍ നിന്നും വന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായ, എം.ജി ആറിന്റെയും, ജയലളിതയുടെയും പാതയില്‍ തന്നെയാണ്, ദളപതിയും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വിജയ് യുടെ ഈ നീക്കം ലോകസഭ തിരഞ്ഞെടുപ്പില്‍, തമിഴകം തൂത്തുവാരിയ ഡി.എം.കെ മുന്നണിയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സ്റ്റാലിന്‍ സര്‍ക്കാറിന്റെ ജനകീയ പ്രതിച്ഛായയെ തകര്‍ക്കാന്‍ ലഭിക്കുന്ന ഒരവസരവും, ദളപതിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാഴാക്കുകയില്ല.

Top