ഇളയ ദളപതി വിജയ്യുടെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി കേരളം. നാളെ 50-ാം വയസിലേക്ക് പ്രവേശിക്കുന്ന വിജയ്ക്കായി വ്യത്യസ്തമായ ആഘോഷപരിപാടികളാണ് ആരാധകർ തമിഴ്നാട്ടിലും കേരളത്തിലുമായി ഒരുക്കിയിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പോക്കിരിയുടെയും തുപ്പാക്കിയുടെയും റീ റിലീസിനും വലിയ സ്ക്രീൻ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയിൽ രൂപീകരിക്കുകയും അടുത്ത സിനിമയോടെ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്ത ശേഷം എത്തുന്ന പിറന്നാളിന് ഏറെ രാഷ്ട്രീയ മാനം കൽപ്പിക്കുന്നവരുണ്ട്. പിറന്നാളിന് വിജയ് പാർട്ടിക്കൊടി ഉയർത്തുമെന്നാണ് കരുതുന്നത്. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും വിജയ്ക്ക് തിളങ്ങാൻ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. തമിഴകത്ത് സിനിമയും രാഷ്ട്രീയവും എന്നും പരസ്പര പൂരകങ്ങളാണ്. എം.ജി.ആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ രാധിക വരെയും അതിൽ കഥാപാത്രങ്ങളായി വരും. എം.ജി.ആറിനെ പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്ക്ക് കഴിയുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
സംവിധായകൻ എസ്.എ ചന്ദ്രശേഖറിന്റെയും ഗായിക ശോഭയുടെയും മകനായി 1974 ജൂൺ 22 നായിരുന്നു ജനനം. സഹോദരി വിദ്യ രണ്ടു വയസുള്ളപ്പോൾ അസുഖം ബാധിച്ച് മരിച്ചു. സഹോദരിയുടെ മരണം വിജയ്യുടെ മനസിനെ പിടിച്ചു കുലുക്കിയപ്പോൾ അതിൽ നിന്നു പുറത്തു കടക്കാനായിരുന്നു നന്നേ ചെറുപ്പത്തിൽ വിജയ്യെ സിനിമയിൽ അവതരിപ്പിക്കാൻ അച്ഛൻ ചന്ദ്രശേഖർ തീരുമാനിച്ചത്. 1984ൽ പുറത്തിറങ്ങിയ വെട്രി എന്ന ചിത്രത്തിലൂടെ പത്താം വയസിൽ അരങ്ങേറ്റം. പതിനെട്ടാം വയസിൽ നാളൈ തീർപ്പ് എന്ന ചിത്രത്തിലൂടെ നായക അരങ്ങേറ്റം.
സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലുംനിരൂപകർക്കിടയിൽ വിമർശനം നേരിട്ടു. അത് വിജയ്ക്ക് താങ്ങാവുന്നതിനും അധികമായിരുന്നു. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാഗെ എന്ന ചിത്രം വിജയ്യുടെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹിറ്റായി. ഖുശി, പ്രിയമാനവളേ, ഷാജഹാൻ, ഭഗവതി, ബന്ദ്രി, യൂത്ത്, തുള്ളാത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങൾക്ക് കേരളത്തിലും വൻ ജനപ്രീതി ലഭിച്ചു. ലിയോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ എത്തി നിൽക്കുന്നു അഭിനയ യാത്ര. എച്ച് .വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുക. നവംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതിനുശേഷം അഭിനയത്തിരയിൽ ഉണ്ടാവില്ലെന്ന വിജയ് യുടെ പ്രഖ്യാപനം ആരാധക ലോകത്തെ സങ്കടത്തിലാഴ്ത്തുന്നുണ്ട്.